കൊച്ചി: ജാമ്യം റദ്ദാക്കാനുള്ള എൻഫോഴ്‌സ്‌മെന്റ് നീക്കത്തിന് എതിരെ സുപ്രീം കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ തടസ ഹരജി സമർപ്പിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഇഡി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവശങ്കറിന്റെ നീക്കം.
ഇഡിയുടെ ഹരജി പരിഗണിക്കുന്നതിന് മുൻപായി തന്റെ വാദം കേൾക്കണമെന്നാണ് ശിവശങ്കർ കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞ മാസം 25നാണ് ശിവശങ്കറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഇഡിയുടെ കൊച്ചി സോണൽ ഓഫീസിലെ അസിസ്‌റ്റന്റ് ഡയറക്‌ടറാണ് ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചിരിക്കുന്നത്. ശിവശങ്കർ ജാമ്യത്തിൽ കഴിയുന്നത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഹരജിയിൽ പറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം എസ്ബിഐ ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് കണ്ടെത്തിയ 64 ലക്ഷം രൂപയുടെ കണക്കിൽപ്പെടാത്ത പണവുമായി ബന്ധപ്പെട്ട് അന്വേഷണം നിർണായക ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ശിവശങ്കറിന് എതിരെ ശക്‌തമായ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നത് കേസിലെ മറ്റു സാക്ഷികളെ സ്വാധീനിക്കുന്നതിന് വഴിവെക്കുമെന്നും ഹരജിയിൽ ഇഡി ചൂണ്ടികാട്ടുന്നു.
Read also: ആയിരത്തിലേറെ ഒഴിവുകൾ; നിയമനം നൂറിൽ താഴെ ഉദ്യോഗാർഥികൾക്ക് മാത്രം; ആശങ്ക