മലബാർ കലാപ നേതാക്കൾ രാജ്യത്തിന് വേണ്ടി ജീവൻ നൽകിയവർ; മുസ്‌ലിം ലീഗ്

By Desk Reporter, Malabar News
PK-Kunhalikkutty and panakkad sadiq ali shihab thangal
Ajwa Travels

മലപ്പുറം: സ്വാതന്ത്ര്യ സമര നേതാക്കളുടെ പുതുക്കിയ പട്ടികയില്‍ നിന്നും മലബാര്‍ കലാപ നേതാക്കളുടെ ഉൾപ്പടെ പേരുകള്‍ ഒഴിവാക്കിയതിനെ രൂക്ഷമായി വിമർശിച്ച് മുസ്‌ലിം ലീഗ്. ഇത് യുവ തലമുറയോട് ചെയ്യുന്ന നീതികേടാണെന്നും ചരിത്രത്തെ വളച്ചൊടിക്കരുതെന്നും മുസ്‌ലിം ലീഗ് നേതൃത്വം പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് മാദ്ധ്യമങ്ങളെ കണ്ടത്.

ചരിത്ര നേതാക്കളോട് നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് രക്‌തസാക്ഷികൾ ആയവരാണ് മലബാര്‍ കലാപ നേതാക്കള്‍. സ്വത്തും സമ്പാദ്യവുമെല്ലാം രാജ്യത്തിന് വേണ്ടി ബലിയര്‍പ്പിച്ചവരാണ് അവര്‍. അവരോട് നന്ദി കാണിക്കുക എന്നതാണ് രാജ്യം ചെയ്യേണ്ടത്. മലബാര്‍ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്ന് എല്ലാവരും അംഗീകരിച്ചതാണ്. ചരിത്രവുമായി ബന്ധപ്പെട്ടവരെല്ലാം തന്നെ അത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞിട്ടുണ്ട്.

ചരിത്രം തേച്ചു മാച്ചു കളയാന്‍ കേന്ദ്ര സര്‍ക്കാര്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്നു. ഇന്ദിരാ ഗാന്ധിയുടെ, ഇന്ത്യയുടെ ശില്‍പിയായ ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ എല്ലാം പേരുകള്‍ പുരസ്‌കാരങ്ങളില്‍ നിന്നെടുത്തു മാറ്റുന്നു. അവരുടെയൊക്കെ പേരുകളിലുള്ള പദ്ധതികള്‍ മരവിപ്പിക്കുന്നു. ചരിത്രത്തെ വക്രീകരിക്കാനുള്ള ശ്രമമാണിത്. എത്രയൊക്കെ വക്രീകരിച്ചാലും ചരിത്രം ചരിത്രമായി നിലനില്‍ക്കും. സത്യസന്ധമായി ചരിത്രത്തിലൂടെ സംവദിക്കുമ്പോഴാണ് തലമുറകളോട് നീതി കാണിക്കുന്നത്. ഇപ്പോള്‍ വരും തലമുറയോട് അനീതിയാണ് കാണിക്കുന്നത്; സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

അതേസമയം, ചരിത്ര പുരുഷന്‍മാര്‍ ജീവിക്കുന്നത് ജനഹൃദയങ്ങളിലാണെന്നും രേഖകളിലല്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ബിജെപിയുടെ അജണ്ടയാണിത്. സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രയും വര്‍ഷമായിട്ട് ഇതുവരെ ആര്‍ക്കും സംശയമില്ലാത്ത കാര്യങ്ങളിലാണ് കേന്ദ്ര സര്‍ക്കാരിന് സംശയം. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കാര്യത്തില്‍ മാത്രമല്ല പലരിലും ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് സംശയമാണ്. ഉത്തരേന്ത്യയില്‍ ഓരോ നഗരങ്ങളുടെ പേരുകള്‍ മാറ്റി വരികയാണ്. താജ്‌മഹൽ പോലും അവര്‍ക്ക് സംശയമാണ്. ചരിത്രത്തെ തലകുത്തനെ നിര്‍ത്താനുള്ള ശ്രമത്തെ ഇന്ത്യയെന്നല്ല ലോകം തന്നെ അംഗീകരിക്കില്ല. ലോകത്തിലെ തന്നെ വലിയ അൽഭുതമായ താജ്‌മഹലിനെ അംഗീകരിക്കാന്‍ ബോധമില്ലാത്തവരോട് പിന്നെ എന്തു പറയാനാണ്. അതു പോലെ തന്നെയാണ് വാരിയം കുന്നത്തിനെക്കുറിച്ച് പറയുന്നത്; കുഞ്ഞാലിക്കുട്ടി പറഞ്ഞു.

“ബ്രിട്ടീഷുകാരോടാണ് അദ്ദേഹം പോരാടിയത്. ആര്‍ക്കാണ് അത് അറിയാത്തത്. ചരിത്രത്തെ മാറ്റിമറിക്കാന്‍ കേന്ദ്ര സർക്കാരിന് കഴിയില്ല. അവര്‍ എന്ത് രേഖ തിരുത്തിയാലും ഈ സംഭവം മായാനും മറയാനും പോവുന്നില്ല. പാർലമെന്റിലും പുറത്തുമായി ഇതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാവും,”- കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

Most Read:  ‘വാരിയംകുന്നൻ കേരളത്തിലെ ആദ്യ താലിബാന്‍ തലവൻ’; എപി അബ്‌ദുള്ളക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE