തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന്റെ പ്രവർത്തനം ഇപ്പോഴും ദുരൂഹമായി തുടരുകയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കമ്പനിയുടെ പ്രവർത്തനം ദുരൂഹമായി തുടരുന്നതിലാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടതെന്നും കുഴൽനാടൻ പറഞ്ഞു.
മന്ത്രാലയം നൽകിയ നോട്ടീസിന് കൃത്യമായ മറുപടി നൽകാത്തതുകൊണ്ടാണ് വിശദമായ അന്വേഷണത്തിലേക്ക് നീങ്ങിയത്. ഈ വിഷയത്തെ വർഗീയതയടക്കം പറഞ്ഞു മുഖ്യമന്ത്രി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു കെഎസ്‌ഐഡിസിക്ക് എതിരായി അന്വേഷണം ഗുരുതരമാണ്. സിഎംആർഎല്ലുമായി ബന്ധപ്പെട്ടു കോടികളുടെ ഇടപാടാണ് നടന്നത്. കെഎസ്‌ഐഡിസിക്ക് എതിരായ അന്വേഷണത്തിൽ മന്ത്രി പി രാജീവ് മറുപടി നൽകണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പട്ടു.
ക്രമക്കേടുകൾക്ക് വ്യവസായ വകുപ്പ് കൂട്ടുനിന്നതായാണ് സംശയിക്കേണ്ടത്. കരിമണൽ കമ്പനിക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കാൻ വ്യവസായ വകുപ്പ് കൂട്ടുനിന്നോ എന്നതിന് മന്ത്രി മറുപടി പറയണം. വിഷയത്തിൽ സിപിഎമ്മും മറുപടി പറയണം. വീണക്കെതിരെ ആരോപണം ഉയർന്നപ്പോൾ തന്നെ സിപിഎം സെക്രട്ടറിയേറ്റാണ് പ്രതിരോധം തീർത്തത്. കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ അമിതാവേശം ഇല്ല. അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ. ആത്യന്തികമായി കോടതിയാണ് വിശ്വാസം. എനിക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനം ചെയ്യുമെന്നും കുഴൽനാടൻ വ്യക്‌തമാക്കി.
വീണയുടെ കമ്പനിയായ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട സാമ്പത്തിക പരാതികളിൽ അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. നാല് മാസത്തിനുള്ളിൽ അന്തിമ റിപ്പോർട് നൽകണം. കർണാടക ഡെപ്യൂട്ടി രജിസ്‌ട്രാർ ഓഫ് കമ്പനീസ് വരുൺ ബിഎസ്, പോണ്ടിച്ചേരി ആർഒസി എ ഗോകുൽനാഥ്, ചെന്നൈ ഡെപ്യൂട്ടി ഡയറക്‌ടർ കെഎം ശങ്കര നാരായണൻ എന്നിവർക്കാണ് അന്വേഷണ ചുമതല.
സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് വീണയ്‌ക്ക് മൂന്ന് വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന ആദായ നികുതി ബോർഡിന്റെ കണ്ടെത്തലിനെ തുടർന്നാണ് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചത്. വീണയുടെ കമ്പനി നിരവധി നിയമലംഘനങ്ങൾ നടത്തിയെന്നാണ് ഉത്തരവിൽ പറയുന്നത്. സിഎംആർഎൽ, കെഎസ്‌ഐഡിസി എന്നിവയും അന്വേഷണ പരിധിയിലുണ്ട്. മൂന്ന് സ്‌ഥാപനങ്ങളുടെയും മുഴുവൻ ഇടപാടുകളും സമിതി വിശദമായി പരിശോധിക്കും.
Most Read| റിപ്പബ്ളിക് പരേഡ്; ഡെൽഹി പോലീസ് സംഘത്തിൽ വനിതകൾ മാത്രം- നയിക്കാൻ മലയാളി