തിരുവനന്തപുരം: മെഡിക്കൽ പിജി വിദ്യാർഥികൾ സമരത്തിൽ നിന്ന് പിൻമാറണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മെഡിക്കൽ വിദ്യാർഥികളുടെ ആവശ്യം ന്യായമാണെന്നും അത് പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതാണെന്നും പറഞ്ഞ മന്ത്രി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
നിലവിൽ എല്ലാ മെഡിക്കൽ കോളേജുകളിലും നാളെ ഡ്യൂട്ടി ഷെഡ്യൂൾ ക്രമീകരിക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകാത്തതിനെ തുടർന്നാണ് ഡോക്‌ടർമാർ സമരം തുടർന്നത്. സമരം മൂലം മെഡിക്കൽ കോളേജുകളിലെ അത്യാഹിത വിഭാഗങ്ങളിലടക്കം പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്.
അതേസമയം പിജി ഡോക്‌ടർമാർക്ക് പിന്നാലെ ഹൗസ് സർജൻമാരും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നാളെ സംസ്‌ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം സ്‌തംഭിക്കും. ഒരു ദിവസത്തെ സൂചനാ പണിമുടക്കാണ് ഹൗസ് സർജൻമാർ പ്രഖ്യാപിച്ചിരിക്കുന്നത്. അധ്യാപക സംഘടനകളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
Most Read: രാജസ്‌ഥാനിൽ കോൺഗ്രസ് റാലിക്ക് തുടക്കം; സോണിയ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും