മന്ത്രി കെ രാധാകൃഷ്‌ണന് ഉണ്ടായ ജാതിവിവേചനം; കേരളത്തിന് അപമാനമെന്ന് ഡിവൈഎഫ്ഐ

പയ്യന്നൂർ നമ്പ്യാത്ര ക്ഷേത്രത്തിലെ ചടങ്ങിൽ വെച്ച് ജാതിവിവേചനം നേരിട്ട ദുരനുഭവം ഇന്നലെയാണ് മന്ത്രി കെ രാധാകൃഷ്‌ണൻ വെളിപ്പെടുത്തിയത്. ഒരു ക്ഷേത്രത്തിൽ ഉൽഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ തന്നെ മാറ്റി നിർത്തിയെന്നാണ് മന്ത്രി തുറന്ന് പറഞ്ഞത്.

By Trainee Reporter, Malabar News
Minister K Radhakrishnan will arrive in Attappady today
കെ രാധാകൃഷ്‌ണൻ

തിരുവനന്തപുരം: ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണനെതിരെ ഉണ്ടായ ജാതിവിവേചനം തെമ്മാടിത്തരവും പുരോഗമന കേരളത്തിന് അപമാനകരവുമാണെന്ന് ഡിവൈഎഫ്ഐ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു. സാമൂഹിക നവോഥാന പ്രസ്‌ഥാനങ്ങൾ ഇറക്കിമറിച്ച കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിൽ ഇന്നും നീചമായ ജാതി ചിന്തകൾ ഉയർത്തിപ്പിടിക്കുന്ന ചിലരുണ്ടെന്നത് കേരള ചരിത്രത്തെ പോലും വെല്ലുവിളിക്കുന്നതാണെന്ന് ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.

പയ്യന്നൂർ നമ്പ്യാത്ര ക്ഷേത്രത്തിലെ ചടങ്ങിൽ വെച്ച് ജാതിവിവേചനം നേരിട്ട ദുരനുഭവം ഇന്നലെയാണ് മന്ത്രി കെ രാധാകൃഷ്‌ണൻ വെളിപ്പെടുത്തിയത്. ഒരു ക്ഷേത്രത്തിൽ ഉൽഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ തന്നെ മാറ്റി നിർത്തിയെന്നാണ് മന്ത്രി തുറന്ന് പറഞ്ഞത്. ഈ സമീപനത്തിന് അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി പറഞ്ഞിരുന്നു. കോട്ടയത്ത് ഭാരതീയൻ വേലൻ സൊസൈറ്റിയുടെ സംസ്‌ഥാന സമ്മേളനത്തിൽ സംസാരിക്കവേയാണ് മന്ത്രി വെളിപ്പെടുത്തൽ നടത്തിയത്.

‘ഞാൻ ഒരു ക്ഷേത്രത്തിൽ ഒരു പരിപാടിക്ക് പോയി. ഈ ക്ഷേത്രത്തിൽ ചെന്ന സന്ദർഭത്തിൽ അവിടെ ഉൽഘാടനവുമായി ബന്ധപ്പെട്ടു പ്രധാന പൂജാരി വിളക്ക് കത്തിച്ചു കൊണ്ടുവന്നു. വിളക്ക് എന്റെ കൈയിൽ തരാതെ അദ്ദേഹം തന്നെ കത്തിച്ചു. അപ്പോൾ ആചാരമായിരിക്കും എന്ന് കരുതി മാറി നിന്നു. അതിനു ശേഷം അവിടുത്തെ സഹപൂജാരിക്ക് വിളക്ക് കൈമാറി. അയാളും കത്തിച്ചു. അപ്പോഴും ഞാൻ കരുതിയത് എനിക്ക് തരുമെന്നാണ്. തന്നില്ല. പകരം വിളക്ക് നിലത്തു വെച്ചു. ഞാൻ എടുത്ത് കത്തിക്കട്ടെ എന്നാണ് അവർ വിചാരിച്ചത്. ഞാൻ എടുക്കണോ? ഞാൻ കത്തിക്കണോ? ഞാൻ പറഞ്ഞു പോയി പണി നോക്കാൻ’- മന്ത്രി വിവരിച്ചു.

നേരിടേണ്ടി വന്ന ജാതി വിവേചനത്തിന് അതേ വേദിയിൽ വെച്ചുതന്നെ മറുപടി പറഞ്ഞെന്നും മന്ത്രി വിശദീകരിച്ചു. ഞാൻ തരുന്ന പൈസയ്‌ക്ക് നിങ്ങൾക്ക് അയിത്തമില്ല. എനിക്കാണ് നിങ്ങൾ അയിത്തം കൽപ്പിക്കുന്നത്. പൈസയ്‌ക്ക് മാത്രം അയിത്തമില്ല. ഏത് പാവപ്പെട്ടവനും കൊടുക്കുന്ന പൈസയ്‌ക്ക് അവിടെ അയിത്തമില്ല. ഈ പൂജാരിയെ ഇരുത്തിക്കൊണ്ടുതന്നെ ഞാൻ പറഞ്ഞു- മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, കെ രാധാകൃഷ്‌ണന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ക്ഷേത്രം തന്ത്രി പത്‌ഭനാഭൻ ഉണ്ണി രംഗത്തെത്തി. വിളക്ക് കൈമാറരുത് എന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. അന്നത്തെ സംഭവത്തിൽ മേൽശാന്തിയുടെ പരിചയക്കുറവ് കാരണമായിട്ടുണ്ടാകാമെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടു കൂട്ടർക്കും വിഷമമായിട്ടുള്ള സംഭവമാണത്. ഇതിൽ നമ്മൾ ഒരാളെ മാത്രം പഴി പറയാൻ പാടില്ലലോ. അമ്പലം അമ്പലത്തിന്റെ ചിട്ടയിൽ പോയി. മന്ത്രിയുടേതായ സ്‌ഥനമാനങ്ങൾ അദ്ദേഹത്തിനും ഉണ്ടല്ലോ. എന്താണ് അവിടെ സംഭവിച്ചതെന്ന് അറിയില്ല. മേൽശാന്തിക്ക് പരിചയക്കുറവ് ഉണ്ടാകും- തന്ത്രി വിശദീകരിച്ചു.

സമൂഹത്തിൽ മാറ്റമുണ്ടാകുമെന്ന് കരുതിയാണ് ആറു മാസം മുൻപ് നടന്ന കാര്യം ഇപ്പോൾ തുറന്ന് പറഞ്ഞതെന്ന് മന്ത്രിയും പ്രതികരിച്ചു. വിവാദമാക്കുക എന്ന ഉദ്ദേശത്തോടെ ആയിരുന്നില്ല ഇത് പറഞ്ഞത്. മാറ്റമാണ് വേണ്ടത്. ചെയ്‌തത്‌ ശരിയായില്ലെന്ന് വിവേചനം കാട്ടിയവർ അംഗീകരിച്ചാൽ നന്നായിരിക്കുമെന്നും മന്ത്രി പറഞ്ഞു. അയിത്തമില്ല മനുഷ്യന്റെ പണത്തിന് അയിത്തമില്ല. ജാതിവ്യവസ്‌ഥ മനസിൽ പിടിച്ച കറയാണ്. അത് പൂർണമായും മാറാൻ സമയമെടുക്കുമെന്നും, തനിക്ക് പരിഗണന കിട്ടിയില്ല എന്നതല്ല പ്രശ്‌നമെന്നും മന്ത്രി വ്യക്‌തമാക്കി.

Most Read| ‘കനേഡിയൻ പ്രതിനിധി 5 ദിവസത്തിനകം ഇന്ത്യ വിടണം’; തിരിച്ചടിച്ചു ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE