തിരുവനന്തപുരം: ജില്ലാ അൺ എംപ്‌ളോയ്‌മെന്റ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിനെ പ്രതിചേർത്തു. സൊസൈറ്റിയിലെ നിക്ഷേപകരുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ വിഎസ് ശിവകുമാറിനെ മൂന്നാം പ്രതിയാക്കിയാണ് കരമന പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. ഈ സൊസൈറ്റിയിൽ 13 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്.
ശിവകുമാർ പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചതെന്ന് പരാതിക്കാരനിൽ ഒരാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വിഎസ് ശിവകുമാർ നൽകിയ ഉറപ്പിന്റെ അടിസ്‌ഥാനത്തിൽ പണം നിക്ഷേപിച്ചെന്നും എന്നാൽ സംഘം നഷ്‌ടത്തിലായപ്പോൾ അദ്ദേഹം കൈമലർത്തിയെന്നുമാണ് പരാതിക്കാരൻ പോലീസിനോട് പറഞ്ഞിരിക്കുന്നത്. സഹകരണ സൊസൈറ്റി നഷ്‌ടത്തിലായതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിക്ഷേപകരിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ടു കരമന പോലീസ് ഇതുവരെ മൂന്നു കേസുകളാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. സൊസൈറ്റി പ്രസിഡണ്ട് രാജേന്ദ്രൻ നായരാണ് തട്ടിപ്പിലെ ഒന്നാം പ്രതി. ഇദ്ദേഹം വിഎസ് ശിവകുമാറിന്റെ അടുത്ത സുഹൃത്തും പ്രാദേശിക കോൺഗ്രസ് നേതാവുമാണ്. എന്നാൽ, മൂന്ന് കേസിലും വിഎസ് ശിവകുമാർ പ്രതിയല്ല. മറിച്ചു, നിക്ഷേപകന്റെ ആരോപണത്തിന്റെ അടിസ്‌ഥാനത്തിൽ രജിസ്‌റ്റർ ചെയ്‌ത ഒരു കേസിൽ മാത്രമാണ് അദ്ദേഹത്തെ ഇപ്പോൾ പ്രതിചേർത്തിരിക്കുന്നത്. കേസുകളിൽ രണ്ടാം പ്രതി സൊസൈറ്റിയുടെ മുൻ സെക്രട്ടറി നീലകണ്‌ഠനാണ്.
കിള്ളിപ്പാലം, വെള്ളായണി, നേമം എന്നിവിടങ്ങളിൽ ആയിരുന്നു അൺ എംപ്ളോയീസ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ശാഖകൾ ഉണ്ടായിരുന്നത്. ഇവിടങ്ങളിൽ നിക്ഷേപം നടത്തിയവർക്കാണ് പണം നഷ്‌ടമായതെന്നാണ് ആരോപണം. 300ലേറെ പേർക്ക് 13 കോടിയോളം രൂപ ഇത്തരത്തിൽ നിക്ഷേപത്തുക കിട്ടാനുണ്ടെന്നും പരാതിക്കാർ പറയുന്നു.
നിക്ഷേപകർ നേരത്തെ മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും ഡിജിപിക്കും ഇത് സംബന്ധിച്ച പരാതികൾ നൽകിയിരുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കരമന പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ശിവകുമാറിന്റെ വീടിന് മുന്നിലും നിക്ഷേപകർ നേരത്തെ പ്രതിഷേധിച്ചിരുന്നു.
Most Read| ഗാസയ്‌ക്ക് ആശ്വാസമായി റഫ അതിർത്തി തുറന്നു; ട്രക്കുകൾ കടന്നു തുടങ്ങി