സംസ്‌ഥാനത്ത് മങ്കിപോക്‌സ് പരിശോധന ആരംഭിച്ചു; ആരോഗ്യമന്ത്രി

By Team Member, Malabar News
Monkey Pox Testing Started In Kerala Said Health Minister

തിരുവനന്തപുരം: സംസ്‌ഥാനത്ത് മങ്കിപോക്‌സ് സ്‌ഥിരീകരിക്കുന്നതിനുള്ള പരിശോധന ആരംഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ എന്‍ഐവിയിലാണ് ആദ്യമായി പരിശോധന ആരംഭിച്ചത്. സംസ്‌ഥാനത്ത് മങ്കിപോക്‌സ് സ്‌ഥിരീകരിച്ചതോടെ അടിയന്തരമായി എന്‍ഐവി പൂനയില്‍ നിന്നും ടെസ്‌റ്റ് കിറ്റുകള്‍ എത്തിച്ചാണ് പരിശോധന ആരംഭിച്ചത്. ജില്ലകളില്‍ നിന്നുള്ള സാംപിളുകള്‍ എന്‍ഐവി ആലപ്പുഴയിലേക്ക് അയച്ച് തുടങ്ങിയിട്ടുണ്ട്. സംസ്‌ഥാനത്ത് പുതുതായി റിപ്പോര്‍ട് ചെയ്‌ത വൈറല്‍ രോഗമായതിനാല്‍ അതീവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിശോധന നടത്തുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.

സംസ്‌ഥാനത്ത് മങ്കിപോക്‌സ് സ്‌ഥിരീകരിച്ച് മൂന്നാല് ദിവസത്തിനകം ഇവിടത്തന്നെ പരിശോധിക്കാനുള്ള സംവിധാനം ഒരുക്കാനായത് വലിയ നേട്ടമാണ്. ഇതിലൂടെ എന്‍ഐവി പൂനയിലേക്ക് സാംപിളുകള്‍ അയക്കുന്നത് മൂലമുള്ള കാലതാമസം ഒഴിവാക്കാനാകും. സംസ്‌ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ 28 ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധനാ സൗകര്യമുണ്ട്. കേസുകള്‍ കൂടുകയാണെങ്കില്‍ കൂടുതല്‍ ലാബുകളില്‍ മങ്കിപോക്‌സ് സ്‌ഥിരീകരിക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

ആര്‍ടിപിസിആര്‍ പരിശോധനയിലൂടെയാണ് മങ്കിപോക്‌സ് സ്‌ഥിരീകരിക്കുന്നത്. രോഗിയുടെ മൂക്ക്, തൊണ്ട എന്നിവയില്‍ നിന്നുള്ള സ്രവം, ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന കുമിളകളില്‍ നിന്നുള്ള സ്രവം, മൂത്രം, രക്‌തം തുടങ്ങിയ സാംപിളുകള്‍ കോള്‍ഡ് ചെയിന്‍ സംവിധാനത്തോടെയാണ് ലാബില്‍ അയക്കുന്നത്. ആര്‍ടിപിസിആര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് വൈറസിന്റെ ജനിതക വസ്‌തുവായ ഡിഎന്‍എ കണ്ടെത്തിയാണ് രോഗം സ്‌ഥിരീകരിക്കുന്നത്.

മങ്കിപോക്‌സിന് രണ്ട് പിസിആര്‍ പരിശോധനകളാണ് നടത്തുന്നത്. ആദ്യം പോക്‌സ് ഗ്രൂപ്പില്‍പ്പെട്ട വൈറസ് കണ്ടുപിടിക്കാനുള്ള ആര്‍ടിപിസിആര്‍ പരിശോധനയാണ് നടത്തുന്നത്. അതിലൂടെ പോക്‌സ് ഗ്രൂപ്പില്‍പ്പെട്ട വൈറസുണ്ടെങ്കില്‍ അതറിയാന്‍ സാധിക്കും. ആദ്യ പരിശോധനയില്‍ പോസിറ്റീവായാല്‍ തുടര്‍ന്ന് മങ്കിപോക്‌സ് സ്‌ഥിരീകരിക്കുന്ന പരിശോധന നടത്തും. ഇതിലൂടെയാണ് മങ്കിപോക്‌സ് സ്‌ഥിരീകരിക്കുന്നത്.

Read also: നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ റിപ്പോർട് വെള്ളിയാഴ്‌ച സമർപ്പിക്കുമെന്ന് ക്രൈം ബ്രാഞ്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE