കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ പ്രതിചേർത്ത കെപിസിസി പ്രസിഡണ്ട് കെ സുധാകരന് വീണ്ടും ക്രൈം ബ്രാഞ്ച് നോട്ടീസ്. ഈ മാസം 23ന് കളമശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. രണ്ടാം പ്രതിയാക്കി കേസെടുത്ത കെ സുധാകനെ ഇന്നാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നത്. എന്നാൽ, സാവകാശം വേണമെന്ന് സുധാകരൻ ക്രൈം ബ്രാഞ്ചിനെ അറിയിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് പരാതിക്കാർ നാളെ അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകൾ കൈമാറുമെന്നാണ് വിവരം. കേസിനെതിരെ ഹൈക്കോടതിയിൽ സമീപിക്കുന്ന കാര്യത്തിൽ സുധാകരൻ ഇന്ന് തീരുമാനമെടുത്തേക്കും. രാഷ്‌ട്രീയമായും നിയമപരമായും കേസിനെ പ്രതിരോധിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. കേസിൽ തനിക്കൊരു പങ്കുമില്ലെന്നാണ് കെ സുധാകരൻ ആവർത്തിച്ച് പറയുന്നത്.
ഇപ്പോഴത്തെ കേസ് താൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. കണ്ണിന്റെ ചികിൽസക്കാണ് മോൻസന്റെ വീട്ടിൽ പോയത്. മോൻസനൊപ്പം ഫോട്ടോ എടുത്തതിൽ എന്താണ് പ്രശ്‌നമെന്ന് സുധാകരൻ ചോദിച്ചു. പല വിഐപികളും മോൻസനൊപ്പം ഫോട്ടോ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാശ് വാങ്ങുന്ന ആളാണെങ്കിൽ വനംമന്ത്രി ആയപ്പോൾ കോടികൾ സമ്പാദിച്ചേനെയെന്നും, പണം വാങ്ങിയെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും കെ സുധാകരൻ തുറന്നടിച്ചു.
Most Read: ട്വിറ്റർ പൂട്ടിക്കുമെന്ന് കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തി; മുൻ സിഇഒയുടെ വാദം തളളി കേന്ദ്രം