ഇടുക്കി: മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതി നിലപാട് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍. ജലനിരപ്പ് ഉയര്‍ത്തില്ലെന്ന കോടതി പരാമര്‍ശം കേരളത്തിന്റെ ആവശ്യത്തിന് ലഭിച്ച അംഗീകാരമാണ്. പുതിയ ഡാം, സ്‌പോട്ട് ലെവല്‍ കമ്മിറ്റി എന്നീ ആവശ്യങ്ങള്‍ക്ക് പരിഗണന ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷയെന്നും ജലവിഭവ വകുപ്പ് മന്ത്രി പ്രതികരിച്ചു.
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കാമെന്നും സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുമെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. മേല്‍നോട്ട സമിതിക്ക് നല്‍കേണ്ട അധികാരങ്ങള്‍ സംബന്ധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ കേരള-തമിഴ്‌നാട് സംസ്‌ഥാനങ്ങള്‍ക്ക് ജസ്‌റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തു.
മുല്ലപ്പെരിയാര്‍ ഹരജികള്‍ അടുത്ത ചൊവ്വാഴ്‌ചയാണ് വീണ്ടും പരിഗണിക്കുന്നത്. സംയുക്‌ത യോഗത്തിന്റെ മിനുട്ട്‌സ് അന്നേ ദിവസം ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയ അണക്കെട്ട് നിര്‍മിക്കുന്നത് സംബന്ധിച്ച് മേല്‍നോട്ട സമിതിയില്‍ ചര്‍ച്ച നടക്കട്ടെയെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്.
ഡാം സുരക്ഷിതമാണോയെന്ന് തീരുമാനിക്കേണ്ടത് വിദ്ഗധരാണ്. ജലനിരപ്പ് 142 അടിയില്‍ നിന്ന് ഉയര്‍ത്തുന്നത് നിലവില്‍ പരിഗണനയില്‍ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ഇരു സംസ്‌ഥാനങ്ങളുടെയും ഓരോ സാങ്കേതിക അംഗത്തെ ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
Read Also: അധികാരം നേടാൻ ഇത്തരം നീച പ്രവർത്തികൾ ചെയ്യരുത്; ബിജെപിയോട് ഉദ്ദവ്