ന്യൂഡെൽഹി: ഡെൽഹി പുരാനി നങ്കലിൽ ഒൻപത് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കോടതിയിൽ വിരുദ്ധ റിപ്പോർട് നൽകി ക്രൈം ബ്രാഞ്ച്. പീഡനം നടന്നതിന് തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നത്. പോലീസ് എഫ്‌ഐആറിലെ നിഗമനങ്ങൾക്ക് വിരുദ്ധമാണ് ക്രൈം ബ്രാഞ്ചിന്റെ നിലപാട്.
പ്രതികൾ നൽകിയ മൊഴിയാണ് പോലീസ് തയ്യാറാക്കിയ എഫ്ഐആറിന് അടിസ്‌ഥാനം. ബലാൽസംഗം നടത്തിയെന്നായിരുന്നു പ്രതികൾ ആദ്യം നൽകിയ മൊഴി. ഇതിന്റെ അടിസ്‌ഥാനത്തിൽ കൊലപാതകവും ബലാൽസംഗ കുറ്റവും പോക്‌സോയും ചുമത്തിയായിരുന്നു കേസ് ഫയൽ ചെയ്‌തത്.
എന്നാൽ ഇന്നലെ വിചാരണാ കോടതിയിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിൽ ബലാൽസംഗം നടന്നു എന്ന് തെളിയിക്കുന്ന തെളിവുകൾ കിട്ടിയിട്ടില്ല എന്നാണ് പറയുന്നത്. ശാസ്‌ത്രീയമായി തെളിയിക്കാൻ സാധിച്ചിട്ടില്ല എന്നാണ് അന്വേഷണസംഘം പറയുന്നത്.
അതേസമയം, സംഭവത്തിൽ രാജ്യ തലസ്‌ഥാനത്ത് കനത്ത പ്രതിഷേധം തുടരുകയാണ്. പോലീസുകാർ തെളിവ് നശിപ്പിച്ചുവെന്നാരോപിച്ച് പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.
ഓഗസ്‌റ്റ് ഒന്നിനാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം ഡെൽഹിയിലെ പുരാനി നങ്കലിൽ നടന്നത്. ശ്‌മശാനത്തിലെ കൂളറിൽ നിന്ന് വെള്ളമെടുക്കാൻ പോയ ഒമ്പതു വയസുകാരിയാണ് ക്രൂരമായ ബലാൽസംഗത്തിന് ഇരയായത്. വെള്ളമെടുക്കാൻ പോയ കുട്ടി തിരികെ വന്നില്ല. കുട്ടി മരിച്ചു എന്ന വിവരവുമായി പിന്നാലെ ശ്‌മശാനത്തിലെ പൂജാരിയെത്തി. അമ്മയെ ശ്‌മശാനത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി.
കുട്ടി ഷോക്കേറ്റ് മരിച്ചെന്നും എത്രയും വേഗം മൃതദേഹം സംസ്‌കരിക്കണമെന്നും പൂജാരിയും കൂട്ടാളികളും തിരക്ക് കൂട്ടി. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റിരുന്നു. പോലീസിനെ വിവരമറിയിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടെങ്കിലും പോസ്‌റ്റുമോർട്ടം ചെയ്യേണ്ടി വരുമെന്നും കുട്ടിയുടെ അവയവങ്ങൾ മോഷ്‌ടിക്കപ്പെടുമെന്നും പൂജാരി ഭീഷണിപ്പെടുത്തി. തുടർന്ന് ചിതയിൽ കത്തിക്കൊണ്ടിരുന്ന മറ്റൊരു മൃതദേഹത്തിനൊപ്പമിട്ട് ഈ കുഞ്ഞിന്റെ മൃതദേഹവും കത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ ശ്‌മശാനത്തിലേക്ക് എത്തുമ്പോഴേക്കും മൃതദേഹം ഏതാണ്ട് പൂർണമായി കത്തിയിരുന്നു.
അടുത്ത ദിവസം പരാതി നൽകാനായി പോലീസ് സ്‌റ്റേഷനിലെത്തിയ കുട്ടിയുടെ അച്ഛനേയും അമ്മയേയും ശാരീരികമായും മാനസികമായും പോലീസ് ക്രൂരമായി പീഡിപ്പിച്ചെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.
Most Read: കെപിസിസി പുനഃസംഘടന ചർച്ചകൾ അന്തിമഘട്ടത്തിൽ; നേതാക്കൾ ഇന്ന് രാഹുലിനെ കാണും