ഇന്ന് ദേശീയ ബാലികാ ദിനം; പെണ്‍കുട്ടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ പത്ത് പദ്ധതികള്‍

By News Desk, Malabar News
Ajwa Travels

‌പെണ്‍കുട്ടികള്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കെതിരെ പോരാടാനും അവരുടെ അവകാശങ്ങളെ സംരക്ഷിക്കാനും ഓര്‍മപ്പെടുത്തി ഇന്ന് ദേശീയ ബാലികാ ദിനം. പെണ്‍ഭ്രൂണഹത്യകളും ബാലാപീഡനങ്ങളും ഒട്ടും കുറവില്ലാത്ത ഒരു രാജ്യത്ത് ബാലിക സംരക്ഷണം നമ്മുടെ കര്‍ത്തവ്യവും ചുമതലയും ആണെന്ന് വിളിച്ചോതുന്നതാണ് ഓരോ ബാലിക ദിനവും.

ഒക്‌ടോബർ 11നാണ് അന്താരാഷ്‌ട്ര ബാലികാദിനം. എന്നാല്‍ ദേശീയ ബാലികാ ദിനം ജനുവരി 24നാണ്. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി 1966 ജനുവരി 24നാണ് ചുമതലയേറ്റത് എന്നതാണ് അതിനുള്ള കാരണം. ഇന്ത്യയില്‍ 2008 മുതലാണ് ഈ ദിനാചരണം നിലവില്‍ വന്നത്.

രാജ്യത്തെ ഭൂരിഭാഗം പെൺകുട്ടികളുടെയും ഭാവി സുരക്ഷിതമല്ലാത്തതിനാല്‍ തന്നെ അവരുടെ ഭാവിയെ കരുതി വർഷങ്ങളായി കേന്ദ്രസർക്കാർ ഒട്ടേറെ പദ്ധതികള്‍ രാജ്യത്ത് നടപ്പാക്കി വരുന്നുണ്ട്. അത്തരത്തിലുള്ള കേന്ദ്രപദ്ധതികളെ പരിചയപ്പെടാം.

ബാലികാ സമൃദ്ധി യോജന

ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്കാണ് ഈ പദ്ധതി. പെൺകുട്ടി ജനിച്ചയുടൻ സർക്കാർ 500 രൂപയുമായി കുഞ്ഞുങ്ങളുടെ പേരിൽ ലഘുസമ്പാദ്യ പദ്ധതി തുടങ്ങും. കുഞ്ഞുങ്ങളെ സ്‌കൂളിൽ ചേർക്കുമ്പോൾ വാർഷിക സ്‌കോളർഷിപ്പും ലഭിക്കും. 18 വയസായാൽ തുക പിൻവലിക്കാം. അങ്കണവാടി വഴിയാണ് അപേക്ഷ.

സുകന്യ സമൃദ്ധി യോജന

പത്ത് വയസ് തികയാത്ത പെൺകുഞ്ഞിന്റെ പേരിൽ രക്ഷിതാവിന് സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങാം. കുറഞ്ഞ തുക 250 രൂപ. ഒരു സാമ്പത്തിക വർഷം പരമാവധി നിക്ഷേപം 1.50 ലക്ഷം രൂപ. 21 വർഷം പൂർത്തിയാകുമ്പോൾ അക്കൗണ്ട് കാലാവധി കഴിയും. പെൺകുട്ടിക്ക് 18 വയസ് തികയുന്നത് വരെ അക്കൗണ്ട് രക്ഷിതാവിന് പ്രവർത്തിപ്പിക്കാം.

ബേട്ടി ബചാവോ ബേട്ടി പഠാവോ

സ്‌ത്രീ ശാക്‌തീകരണം ഉറപ്പാക്കാനുള്ള പദ്ധതി. ഓരോ ജില്ലക്കും നിശ്‌ചിത തുക നൽകി വിദ്യാലയങ്ങൾ പെൺസൗഹൃദമാക്കുക, പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് അടക്കമുള്ള സൗകര്യങ്ങൾ നടപ്പാക്കും.

പോഷകാഹാര പദ്ധതി

സ്‌കൂളിലെത്താത്ത 11–14നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് വർഷത്തിൽ 300 ദിവസം പോഷകാഹാരം ഉറപ്പാക്കുന്നതിനുള്ള പദ്ധതി. സംസ്‌ഥാന സർക്കാരുകൾ വഴിയാണ് നടപ്പാക്കുന്നത്.

ഇന്ദിരാഗാന്ധി സ്‌കോളർഷിപ്പ്

ഏകമകൾക്ക് പിജി കോഴ്‌സുകൾക്ക് പഠിക്കാൻ (2 വർഷം) പ്രതിവർഷം 36,200 രൂപ സ്‌കോളർഷിപ്പ്. 30 വയസുവരെ അർഹത.

Read Also: യുഎഇയിൽ കടുത്ത നിയന്ത്രണങ്ങൾക്ക് ഇടയിലും കോവിഡ് കേസുകൾ ഉയരുന്നു

സിബിഎസ്ഇ ഉഡാൻ

ഏകമകൾക്കുള്ള മെറിറ്റ് സ്‌കോളർഷിപ്പ്. 60 ശതമാനം മാർക്കോടെ പത്താം ക്ളാസ് പാസായി, സിബിഎസ്ഇ 11, 12 ക്ളാസുകളിൽ പഠിക്കുന്ന കുട്ടികൾ‌ക്ക് വർഷം 6000 രൂപ ലഭിക്കും.

വിവേകാനന്ദ ഫെലോഷിപ്പ്

കുടുംബത്തിലെ ഏകമകള്‍ക്ക് സാമൂഹിക ശാസ്‌ത്രത്തിൽ അംഗീകൃത സ്‌ഥാപനത്തിൽ നിന്ന് പിഎച്ച്ഡി ചെയ്യാൻ. 5 വർഷത്തേക്കാണ് (ആദ്യ 2 വർഷം പ്രതിമാസം 25000 രൂപയും തുടർന്ന് 28000 രൂപയും) ഫെലോഷിപ്പ്. 40 വയസാണ് പ്രായപരിധി.

പ്രഗതി സ്‌കോളർഷിപ്പ്

വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബത്തിലെ ഒറ്റപെൺകുട്ടിക്ക് എഐസിടിഇ നൽകുന്നത്. എഐസിടിഇ അംഗീകൃത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഒന്നാംവർഷ ഡിഗ്രി– ഡിപ്ളോമ കോഴ്‌സുകൾ പഠിക്കുന്ന പെൺകുട്ടികൾക്ക് അപേക്ഷിക്കാം.

ഇൻസെന്റീവ് സ്‌കീം

എസ്‍സി, എസ്‍ടി വിഭാഗത്തിലെ എട്ടാം ക്ളാസ് വിജയിച്ച പെൺകുട്ടികൾക്ക് 3000 രൂപ സർക്കാർ സ്‌ഥിര നിക്ഷേപമായി നൽകും. പത്താം ക്ളാസ് കഴിയുമ്പോഴോ 18 വയസ് പൂർത്തിയാകുമ്പോഴോ പണം പിൻവലിക്കാം. പട്ടികവിഭാഗ, ഒബിസി, ന്യൂനപക്ഷ സമുദായങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ള പെൺകുട്ടികൾക്കായി കസ്‌തൂർബാ ഗാന്ധി ബാലികാ വിദ്യാലയങ്ങളും (റസിഡൻഷ്യൽ സ്‌കൂൾ) ഒരുക്കിയിട്ടുണ്ട്. ഈ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കും ഇൻസെന്റീവിന് അർഹതയുണ്ട്.

ബീഗം ഹസ്രത് മഹൽ സ്‌കോളർഷിപ്പ്

ന്യൂനപക്ഷ വിഭാഗത്തിൽപെടുന്ന 9 മുതൽ 12 ക്ളാസുകളുകളിലെ പെൺകുട്ടികൾക്ക് പ്രതിവർഷം 6000 രൂപവരെ അനുവദിക്കുന്ന പദ്ധതി. തൊട്ടു മുൻപത്തെ ക്ളാസിൽ 50% കുറയാതെ മാർക്കുണ്ടാവണം. കുടുംബ വാർഷികവരുമാനം 2 ലക്ഷത്തിൽ കൂടരുത്.

Read Also: കോവിഡ് പ്രതിസന്ധി; സൗദിയിൽ ഒന്നര ലക്ഷത്തോളം പ്രവാസികൾക്ക് തൊഴിൽ നഷ്‌ടമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE