കണ്ണൂർ: ചെറുപുഴയിൽ അയൽവാസിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി വാടാതുരുത്തേൽ ടോമിക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കാനംവയൽ ചേന്നാട്ടുകൊല്ലിയിൽ കൊങ്ങാലയിൽ ബേബിയാണ് (62) കൊല്ലപ്പെട്ടത്. വ്യാഴാഴ്‌ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം. നാടൻ തോക്കുപയോഗിച്ച് ആയിരുന്നു കൊലപാതകം.
സ്‌ഥിരമായി ടോമി മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്‌തതിന്റെ വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് കണ്ടെത്തൽ. നെഞ്ചിൽ വെടിയേറ്റ ബേബി സംഭവ സ്‌ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു.
കൊലപാതകത്തിന് ശേഷം ടോമി തൊട്ടടുത്ത കർണാടക റിസർവ് വനത്തിലേക്ക് രക്ഷപ്പെട്ടതായാണ് പോലീസ് പറയുന്നത്. പ്രതിയെ ഇതുവരെയും പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497947288, 9497970272, 04985 242100 എന്നീ നമ്പറുകളിൽ വിവരം അറിയിക്കണമെന്ന് ചെറുപുഴ പോലീസ് അറിയിച്ചു.
Malabar News: പിഎം കിസാൻ പദ്ധതി; ജില്ലയിൽ 788 പേർക്ക് തിരിച്ചടവ് നോട്ടീസ്