നിപ; സംസ്‌ഥാനത്ത്‌ ഭീതി അകലുന്നു- 61 സാമ്പിളുകൾ കൂടി നെഗറ്റീവ്

By Trainee Reporter, Malabar News
NIPAH
Ajwa Travels

കോഴിക്കോട്: സംസ്‌ഥാനത്ത്‌ നിപ ഭീതിയിൽ ആശ്വാസമാകുന്നു. കൂടുതൽ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആയി. കഴിഞ്ഞ ദിവസം പരിശോധനക്കയച്ച 61 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. നിപ ബാധിച്ചു ആദ്യം മരിച്ച ഹാരിസുമായി അടുത്തിടപഴുകിയ വ്യക്‌തിയുടെ പരിശോധനാ ഫലവും ഇക്കൂട്ടത്തിലുണ്ട്.

ഏറ്റവുമൊടുവിൽ നിപ സ്‌ഥിരീകരിച്ച വ്യക്‌തിയെ പരിചരിച്ച ആരോഗ്യ പ്രവർത്തകയുടെ ഫലവും നെഗറ്റീവ് ആണെന്നും മന്ത്രി അറിയിച്ചു. ഇന്നലെ വൈകിട്ട് വരെ ലഭിച്ച 42 പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സ്‌ഥിരീകരിച്ചതിന്റെ ആശ്വാസത്തിനൊപ്പമാണ് 61 ഫലങ്ങൾ കൂടി നെഗറ്റീവ് ആയത്. ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെട്ട 61 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയത് ആശ്വാസ വർത്തയാണെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

കോഴിക്കോടിന് പുറമെ മറ്റു ജില്ലകളിൽ നിന്നുള്ളവരുടെ ഭൂരിപക്ഷം സാമ്പിളുകളും നെഗറ്റീവ് ആണെന്നും മന്ത്രി വ്യക്‌തമാക്കി. ‘കേന്ദ്ര സംഘം ഇന്ന് ഫീൽഡിലുണ്ട്. ഇന്ന് കേന്ദ്ര സംഘവുമായി വളരെ വിശദമായ ചർച്ച നടത്തിയിരുന്നു. കേരളത്തിന്റെ പ്രവർത്തനങ്ങളെ അവർ അഭിനന്ദിച്ചു. കേന്ദ്ര സംഘത്തിന്റെ ടീം ഇന്ന് മടങ്ങുകയാണ്. ആശുപത്രിയിലും ഫീൽഡിലും ഉൾപ്പടെ നാം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ അവർ നേരിട്ടെത്തി കണ്ടു മനസിലാക്കി. അതിന്റെ അടിസ്‌ഥാനത്തിൽ നല്ല രീതിയിലുള്ള പ്രവർത്തനമാണ് നമ്മൾ നടത്തുന്നതെന്നാണ് ഏറ്റവുമൊടുവിൽ നടത്തിയ യോഗത്തിലും അവർ പറഞ്ഞത്’- ആരോഗ്യമന്ത്രി പറഞ്ഞു.

അതിനിടെ, കണ്ടെയ്‌ൻമെന്റ് സോണിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലാ കളക്‌ടർ, ഉന്നത പോലീസ് മേധാവികൾ എന്നിവരുടെ യോഗം ഇന്ന് ചേരും. നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം 1233 ആണ്. 352 പേരാണ് ഹൈ റിസ്‌ക് പട്ടികയിലുള്ളത്. ഇതിൽ 129 പേർ ആരോഗ്യപ്രവർത്തകരാണ്. 23 പേർ മെഡിക്കൽ കോളേജിലും നാല് പേർ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലും മൂന്ന് പേർ സ്വകാര്യ ആശുപത്രിയിലും രോഗലക്ഷണങ്ങളോടെ ചികിൽസയിലുണ്ട്.

36 വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ചു പൂനെയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം, കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഇന്ന് മുതൽ ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കും. തുടർച്ചയായ അവധി കാരണം അധ്യയനം നഷ്‌ടമാകാതിരിക്കാനാണ് പുതിയ ക്രമീകരണം ഏർപ്പെട്ടുത്തിയതെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. വിദ്യാർഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേക്ക് വരുത്താൻ പാടില്ലെന്നും കളക്‌ടർ നിർദ്ദേശം നൽകി.

Most Read| കരുവന്നൂർ വായ്‌പ തട്ടിപ്പ്; വിവിധ ബാങ്കുകളിൽ ഇഡി റെയ്‌ഡ്‌ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE