കോഴിക്കോട്: നിപ ഭീഷണി ഒഴിഞ്ഞ സാഹചര്യത്തിൽ, കോഴിക്കോട് ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ച മുഴുവൻ വാർഡുകളിലും നിയന്ത്രണങ്ങൾ പിൻവലിച്ചു. ഫറോക് മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിലും കോഴിക്കോട് കോർപറേഷനിലെ ഏഴ് വാർഡുകളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് പിൻവലിച്ചത്. വടകര താലൂക്കിലെ കണ്ടെയ്‌ൻമെന്റ് സോണിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നേരത്തെ നീക്കിയിരുന്നു.
അതേസമയം, നിപ പ്രതിരോധത്തിന്റെ ഭാഗമായി ഐസൊലേഷനിലുള്ളവർ 21 ദിവസം നിർബന്ധമായും നിരീക്ഷണത്തിൽ തുടരണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഐസൊലേഷൻ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചാൽ പോലീസ് നടപടി സ്വീകരിക്കുമെന്നും, ഒക്‌ടോബർ 26 വരെ കോഴിക്കോട് ജില്ലയിൽ ജാഗ്രത തുടരണമെന്നും നിർദ്ദേശിച്ച മന്ത്രി, മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും ആവശ്യപ്പെട്ടു. നിപ അവലോകന യോഗത്തിൽ ഓൺലൈനായി പങ്കെടുക്കുകയായിരുന്നു മന്ത്രി.
ഇന്ന് പരിശോധനക്കയച്ച അഞ്ചു ഫലങ്ങൾ കൂടി നെഗറ്റീവ് ആയതായി മന്ത്രി അറിയിച്ചു. ആകെ 383 പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. ഐസൊലേഷൻ കാലാവധി കഴിഞ്ഞ 40 പേരെ സമ്പർക്ക പട്ടികയിൽ നിന്നും ഒഴിവാക്കി. നിലവിൽ 875 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. നിപ പോസിറ്റീവ് ആയി ആശുപത്രികളിൽ ചികിൽസയിൽ ഉള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Most Read| കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാവ് പിആർ അരവിന്ദാക്ഷൻ അറസ്‌റ്റിൽ