നിപ: അതീവജാഗ്രതയിൽ കോഴിക്കോട്; ഒരാഴ്‌ച നിർണായകം

By News Desk, Malabar News
Nipah Kozhikode
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് ബാധയേറ്റ് പന്ത്രണ്ടുകാരൻ മരണപ്പെട്ടതിനെ തുടർന്ന് കനത്ത ജാഗ്രത. വൈറസ് വ്യാപനം തടയുന്നതിൽ അടുത്ത ഒരാഴ്‌ച നിർണായകമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. നിപ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എകെ ശശീന്ദ്രൻ, പിഎ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവരും യോഗത്തിൽ സന്നിഹിതരായി.

കോഴിക്കോട് മെഡിക്കൽ കോളേജിലെ പേ വാർഡ് ബ്‌ളോക്ക് നിപ ചികിൽസക്കായി സജ്‌ജീകരിച്ചിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി. സമ്പർക്ക പട്ടികയിലെ ഹൈ റിസ്‌ക് വിഭാഗത്തിലുള്ള 18 പേരെ ഈ വാർഡിൽ പ്രവേശിപ്പിച്ചു. പേ വാർഡ് ബ്‌ളോക്കിൽ താഴെ നിലയിൽ രോഗം സ്‌ഥിരീകരിക്കുന്നവരെയും മറ്റ് രണ്ടുനിലകളിൽ നിരീക്ഷണത്തിൽ ഉള്ളവരെയുമാണ് പ്രവേശിപ്പിക്കുക.

ചാത്തമംഗലം പഞ്ചായത്തിലെ മുന്നൂരിലാണ് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട്. ഈ വീടിനടുത്ത പ്രദേശങ്ങളെ ഉൾപ്പെടുത്തി മൂന്ന് കിലോമീറ്റർ ചുറ്റളവ് കണ്ടെയ്ൻമെന്റ് സോണാക്കി. സമീപ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലും മലപ്പുറം, കണ്ണൂർ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകി. ചികിൽസയുമായി ബന്ധപ്പെട്ട് ആവശ്യത്തിനനുസരിച്ചുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.

നിരീക്ഷണത്തിൽ കഴിയുന്നവർക്കായി സെപ്‌റ്റംബർ ആറിന് വൈകുന്നേരത്തിനുള്ളിൽ പോയിന്റ് ഓഫ് കെയർ പരിശോധന നടത്തും. ഇതിനായുള്ള സജ്‌ജീകരണങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ഒരുക്കിയിരിക്കുന്നത്. പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘമെത്തിയാണ് ലാബ് സജ്‌ജീകരിക്കുക. ഈ പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ കൺഫർമേഷൻ പരിശോധന നടത്തി 12 മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാക്കാമെന്ന് ഇൻസ്‌റ്റിറ്റ്യൂട്ട് അധികൃതർ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Also Read: കേരളാ പോലീസിനെതിരായ പരാമർശം; നിലപാടിൽ മാറ്റമില്ലെന്ന് ആനി രാജ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE