‘രാഷ്‌ട്രീയ നിലപാടിൽ മാറ്റമില്ല, വീഞ്ഞും കേക്കും പരാമർശം പിൻവലിക്കുന്നു; സജി ചെറിയാൻ

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ക്രിസ്‌മസ്‌ ദിനത്തിൽ നടത്തിയ വിരുന്നിൽ പങ്കെടുത്ത സഭാ നേതാക്കളെയാണ് മന്ത്രി സജി ചെറിയാൻ വിമർശിച്ചത്.

By Trainee Reporter, Malabar News
saji-cherian
Ajwa Travels

കൊച്ചി: പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ നടത്തിയ പ്രസ്‌താവനയിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. മണിപ്പൂർ സംബന്ധിച്ച കാര്യത്തിലെ രാഷ്‌ട്രീയ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്‌തമാക്കിയ സജി ചെറിയാൻ, വീഞ്ഞ്, കേക്ക് തുടങ്ങിയ പ്രസംഗത്തിലെ പ്രയോഗങ്ങൾ പിൻവലിക്കുന്നുവെന്നും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ന്യൂനപക്ഷങ്ങൾക്ക് എതിരെ തീവ്രമായ ആക്രമണങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ടു തീവ്രഹിന്ദുത്വം വളർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സജി ചെറിയാൻ പറഞ്ഞു. 700ഓളം ആക്രമണങ്ങളാണ് കഴിഞ്ഞ വർഷം ക്രിസ്‌ത്യൻ സമൂഹത്തിന് നേരെയുണ്ടായത്. ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളിലാണ് അക്രമം കൂടുതൽ. ബിജെപി ഭരിച്ച ഒമ്പത് വർഷം കൊണ്ട് ആക്രമണത്തിന്റെ നിരക്ക് കുത്തനെ വർധിച്ചു. ക്രൈസ്‌തവ വിഭാഗങ്ങൾക്ക് എതിരായ കുറ്റകൃത്യങ്ങളുടെ കണക്കിൽ ഇന്ത്യ ഒമ്പതാം സ്‌ഥാനത്ത്‌ ആണെന്നും മന്ത്രി പറഞ്ഞു.

മണിപ്പൂരിലെ സംഘർഷം തടയുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു. 200ലേറെ പേർ കൊല്ലപ്പെട്ടു. മാസങ്ങൾ കഴിഞ്ഞിട്ടും സംഘർഷം തുടരുകയാണ്. പ്രധാനമന്ത്രി കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചില്ല. കേന്ദ്രത്തിന്റെയും സംഘപരിവാറിന്റെയും സഹായത്തോടെയാണ് ഇതെല്ലാം നടക്കുന്നത്. ഇതിനെതിരെ ഒന്നിച്ചു പ്രതികരിക്കണമെന്നാണ് ഞാൻ പറഞ്ഞത്- സജി ചെറിയാൻ പറഞ്ഞു.

എന്റെ പരാമർശങ്ങളിൽ വന്ന ചില കാര്യങ്ങൾ പുരോഹിതർ സൂചിപ്പിച്ചു. വിരുന്നിന്റെ ഭാഗമായി വീഞ്ഞും കേക്കും എന്ന് പറഞ്ഞ ഭാഗം പ്രയാസമായി തോന്നിയിരിക്കാം. അങ്ങനെ തോന്നിയെങ്കിൽ വീഞ്ഞിന്റെയും കേക്കിന്റെയും പരാമർശം പിൻ‌വലിക്കുന്നു. എന്നാൽ കേക്കിന്റെയും വീഞ്ഞിന്റെയും പ്രശ്‌നമല്ല ഞാൻ ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂർ പ്രശ്‌നത്തിൽ എന്റെ രാഷ്‌ട്രീയ നിലപാടിൽ മാറ്റമില്ല. എന്റെ വ്യക്‌തിപരമായ അഭിപ്രായമാണ് പറഞ്ഞത്. അത് എന്റെ നിലപാട് മാത്രമായി കണ്ടാൽ മതി. ഖേദം പ്രകടിപ്പിക്കുന്നു. എല്ലാ ബിഷപ്പുമാരുമായും വ്യക്‌തിബന്ധമുണ്ട്. അവരെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല. ആരെയെങ്കിലും ഭയപ്പെട്ട്, കീഴ്‌പ്പെട്ട് പോകാൻ സാധിക്കില്ല സജി ചെറിയാൻ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ക്രിസ്‌മസ്‌ ദിനത്തിൽ നടത്തിയ വിരുന്നിൽ പങ്കെടുത്ത സഭാ നേതാക്കളെയാണ് മന്ത്രി സജി ചെറിയാൻ വിമർശിച്ചത്. ക്രിസ്‌മസ്‌ വിരുന്നിന് ബിജെപി വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചം ഉണ്ടായി. അവർ നൽകിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം മറന്നു. മണിപ്പൂർ അവർക്കൊരു വിഷയമായില്ല എന്നാണ് സജി ചെറിയാൻ പറഞ്ഞത്. പുന്നപ്ര വടക്ക് സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഉൽഘാടനത്തിന് ഇടെയായിരുന്നു സജി ചെറിയാന്റെ വിവാദ പരാമർശം.

സജി ചെറിയാന്റെ പ്രസ്‌താവനയിൽ സിപിഎമ്മിന് അതൃപ്‌തി ഉള്ളതായാണ് റിപ്പോർട്. പറയാൻ പാടില്ലാത്ത വാക്കുകളാണ് സജി ചെറിയാന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് പാർട്ടി വിലയിരുത്തൽ. സജി ചെറിയാന്റെ പ്രസ്‌താവന പരിശോധിക്കുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. പ്രസ്‌താവന പാർട്ടിയുടെ അഭിപ്രായമല്ല. പ്രസംഗത്തിനിടയിലെ പ്രയോഗം മാത്രമാണ്. സഭാ നേതൃത്വത്തിൽ അതൃപ്‌തി ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE