ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്‌ഥയിലുള്ള രോഗികളെ കണ്ടെത്താൻ ഓക്‌സിജൻ നിർത്തിവെച്ച് മോക്ഡ്രില്‍ നടത്തിയതായി റിപ്പോർട്. ഏപ്രിൽ 27ന് നടന്ന സംഭവം ആശുപത്രി ഉടമയുടെ ഓഡിയോ പുറത്തുവന്നതോടെയാണ് വാർത്തയായത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി യുപി സർക്കാർ വ്യക്‌തമാക്കി.
ആശുപത്രിയിൽ ഓക്‌സിജൻ ക്ഷാമം ഉണ്ടായിരുന്നുവെന്ന് ഉടമ പറയുന്നു. വിഷയം പലതവണ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഫലമുണ്ടായില്ലെന്നും ഉടമ പറയുന്നു. ഓക്‌സിജൻ ക്ഷാമം ഉണ്ടെന്നും രോഗികളെ ഡിസ്‌ചാർജ് ചെയ്യണമെന്നും രോഗികളുടെ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചിലർ രോഗികളെ ഡിസ്‌ചാർജ് ചെയ്‌തപ്പോൾ മറ്റു ചിലർ അതിന് തയ്യാറായില്ല. ഇതേത്തുടർന്നാണ് മോക്ഡ്രില്‍ നടത്താൻ തീരുമാനിച്ചത്. രാവിലെ ഏഴുമണിക്ക് ആണ് മോക്ഡ്രില്‍ നടത്തിയത്. അഞ്ച് മിനുട്ട് നേരമാണ് മോക്ഡ്രില്‍ ഉണ്ടായിരുന്നത്. ഓക്‌സിജൻ കിട്ടിയില്ലെങ്കിൽ ആരൊക്കെ മരിക്കും എന്നറിയാനാണ് മോക്ഡ്രില്‍ നടത്തിയത്. 22 രോഗികൾ അതീവ ഗുരുതരാവസ്‌ഥയിൽ ആണെന്ന് മനസിലായി. ഓക്‌സിജൻ കട്ട് ചെയ്‌തപ്പോൾ ഈ രോഗികൾ നീല നിറമായതായും പാരാസ് ആശുപത്രിയുടെ ഉടമ അരിന്‍ജെയ് ജയിന്റെ ഓഡിയോയിൽ പറയുന്നു.
ഏപ്രില്‍ 28നാണ് പാരാസ് ആശുപത്രിയുടെ ഉടമ ഇക്കാര്യം വ്യക്‌തമാക്കുന്നത്. ഒന്നര മിനിറ്റാണ് ഈ ഓഡിയോ ക്ളിപ്പിന്റെ ദൈര്‍ഘ്യം. മോക്ഡ്രില്ലിനെ തുടർന്ന് 22 രോഗികൾ മരിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു.
ഇതേത്തുടർന്ന് പ്രതികരണവുമായി ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു എൻ സിംഗ് രംഗത്തെത്തി. ഓക്‌സിജൻ കട്ട് ചെയ്‌ത് നടത്തിയ മോക്ഡ്രില്ലിൽ മരണം സംഭവിച്ചിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാൽ അന്വേഷണം നടത്തുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. “തുടക്കത്തിൽ, പരിഭ്രാന്തിയും ക്ഷാമവും ഉണ്ടായിരുന്നു, പക്ഷേ ഞങ്ങൾ 48 മണിക്കൂറിനുള്ളിൽ എല്ലാം ക്രമീകരിച്ചു. ഈ ആശുപത്രിയിൽ ഏപ്രിൽ 26, 27 തീയതികളിൽ ഏഴ് കോവിഡ് മരണങ്ങൾ ഉണ്ടായിട്ടുണ്ട്. 22 പേർ മരിച്ചുവെന്നതിൽ സത്യമില്ല, പക്ഷേ ഞങ്ങൾ അന്വേഷണം നടത്തും,”- സിംഗ് പ്രസ്‌താവനയിൽ പറഞ്ഞു.
Most Read: രവി പൂജാരിയുടെ കസ്‌റ്റഡി കാലാവധി ഇന്ന് തീരും; നിര്‍ണായക വിവരങ്ങൾ ലഭിച്ചെന്ന് ക്രൈം ബ്രാഞ്ച്