കോഴിക്കോട്: പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാനുള്ള സിപിഎമ്മിന്റെ ക്ഷണം നിരസിച്ചു മുസ്‌ലിം ലീഗ്. യുഡിഎഫിലെ ഒരു കക്ഷിയെന്ന നിലയിൽ യുഡിഎഫിനെ ക്ഷണിക്കാത്ത ഒരു പരിപാടിയിൽ സാങ്കേതികമായി പങ്കെടുക്കാൻ കഴിയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി വ്യക്‌തമാക്കി. കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.
സിപിഎമ്മിന്റെ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കേണ്ടെന്ന തീരുമാനമാണ് യോഗത്തിൽ കൈക്കൊണ്ടത്. എന്നാൽ, സിപിഎം ക്ഷണിച്ചതിൽ നന്ദി അറിയിക്കുന്നുവെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിപിഎം പരിപാടി നടത്തട്ടെ. പരിപാടി നടത്തുന്നത് നല്ലതാണ്. ഞങ്ങളതിനെ സ്വാഗതം ചെയ്യുന്നു. ആര് പങ്കെടുത്താലും അതിൽ സന്തോഷമേയുള്ളൂ. എല്ലാവരും കൂടുതൽ പിന്തുണയും ശക്‌തിയും സംഭരിച്ചു പലസ്‌തീനിനൊപ്പം നിൽക്കുന്നതിൽ സന്തോഷമുണ്ട്- പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫിലെ ഒരു കക്ഷി എന്ന നിലയിൽ സാങ്കേതികമായി പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ല. പലസ്‌തീൻ വിഷയത്തിൽ ഒരു റാലി നടത്തി മിണ്ടാതിരിക്കുന്ന സംഘടനയല്ല മുസ്‌ലിം ലീഗ്. ഇനിയും പലസ്‌തീൻ വിഷയത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്നും പാർട്ടി ചർച്ച ചെയ്‌തു. ഓരോ പാർട്ടികളും പലസ്‌തീന് പിന്തുണ നൽകണം. ആ അർഥത്തിലാണ് ഇടി മുഹമ്മദ് ബഷീർ പറഞ്ഞത്. അതിൽ കുറ്റം കാണേണ്ടതില്ല. എല്ലാ വിഷയങ്ങളും പ്രാദേശിക രാഷ്‌ട്രീയത്തിലേക്ക് കൊണ്ടുവരേണ്ടതില്ല. പലസ്‌തീൻ വിഷയം വ്യത്യസ്‌തമാണ്. പലസ്‌തീൻ വിഷയത്തിൽ കേരളത്തിൽ സർവകക്ഷി യോഗം വിളിക്കണം- പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
പലസ്‌തീൻ വിഷയത്തിൽ ലീഗിന് ആദ്യം മുതൽ ഒരേ നിലപാടാണ് ഉണ്ടായിരുന്നത്. തീവ്രമായ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. അതിനെതിരെ സമാഹരിക്കാവുന്ന എല്ലാ ശക്‌തിയും സമാഹരിക്കുക എന്നതാണ് തുടക്കം മുതലുള്ള ലീഗിന്റെ നിലപാട്. ലീഗിന്റെ റാലിക്ക് ശേഷവും ഇക്കാര്യം വ്യക്‌തമാക്കിയിട്ടുണ്ട്. രാഷ്‌ട്രീയത്തിന് അതീതമായി ഒരുമിച്ചു നിൽക്കുമെന്ന് നേരത്തെ തന്നെ നേതാക്കൾ പരസ്യമായി പറഞ്ഞതാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
സിപിഐഎം ക്ഷണിച്ചാൽ പങ്കെടുക്കുമെന്നായിരുന്നു ഇടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമും റാലിയിൽ പങ്കെടുക്കുന്നതിനെ കുറിച്ച് അനുകൂല പ്രതികരണങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുസ്‌ലിം ലീഗിന്റെ ഔദ്യോഗിക പ്രതികരണം ഉണ്ടായത്.
Most Read| ആലുവ കൊലപാതകം; പ്രതി കുറ്റക്കാരനെന്നു കോടതി- ശിക്ഷാവിധി വ്യാഴാഴ്‌ച