ഡെൽഹി: പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസിൽ സുപ്രീം കോടതി വാദം കേൾക്കുന്നത് നാളെയും തുടരും. വെള്ളിയാഴ്‌ച വിചാരണക്കോടതി പ്രതികൾക്ക് മേൽ കുറ്റം ചുമത്തുമോയെന്നതിൽ ജസ്‌റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് വ്യക്‌തത തേടി.
ഇക്കാര്യത്തിൽ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്വി രാജു നാളെ മറുപടി നൽകണമെന്ന് കോടതി നിർദ്ദേശം നൽകി. പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യത്തിലും, താഹ ഫസൽ സമർപ്പിച്ച ജാമ്യാപേക്ഷയിലുമാണ് സുപ്രീം കോടതി വാദം കേൾക്കുന്നത്.
ഭീകര പ്രവർത്തനം നടത്തിയതിന് തെളിവില്ലെന്ന് താഹ ഫസലിന്റെ അഭിഭാഷകൻ ജയന്ത് മുത്ത് രാജ് അറിയിച്ചു. പോലീസ് പിടിച്ചെടുത്തത് പൊതുവിപണിയിലുള്ള പുസ്‌തകങ്ങളാണ്. ഒരു രഹസ്യ യോഗത്തിലും പങ്കെടുത്തിട്ടില്ലെന്നും താഹ ഫസൽ വാദിച്ചു.
മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് 2019 നവംബര്‍ ഒന്നിനാണ് സിപിഐഎം പാര്‍ട്ടി അംഗങ്ങളായിരുന്ന അലനേയും താഹയേയും യുഎപിഎ ചുമത്തി പോലീസ് അറസ്‌റ്റ് ചെയ്‌തത്. പിന്നീട് കഴിഞ്ഞ സെപ്റ്റംബറിലാണ് അലൻ ഷുഹൈബിനും, താഹ ഫസലിനും കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ, ഇക്കഴിഞ്ഞ ജനുവരിയിൽ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
Must Read: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമം: പോലീസ് അടിയന്തരമായി ഇടപെടണം; ഡിജിപി