കോടതിയെ നിശബ്‌ദ കാഴ്‌ചക്കാരനായി നിർത്താമെന്ന് കരുതരുത്; രൂക്ഷ വിമർശനം

By Syndicated , Malabar News
pegasus_supream court
Ajwa Travels

ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തൽ കേസിൽ കേന്ദ്രസര്‍ക്കാറിന് കനത്ത തിരിച്ചടി. ദേശീയ സുരക്ഷാ ആശങ്ക ഉന്നയിച്ച് എപ്പോഴും സര്‍ക്കാരിന് സൗജന്യം ലഭിക്കില്ലെന്ന് സുപ്രീം കോടതി വിമർശിച്ചു. സര്‍ക്കാര്‍ ഇതുവരെ പെഗാസസ് ഉപയോഗിച്ചുവെന്ന കാര്യം നിഷേധിച്ചിട്ടില്ല. അതിനാല്‍, ഹരജിക്കാരന്റെ ആവശ്യം പ്രഥമദൃഷ്‌ട്യാ സ്വീകരിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല. അതുകൊണ്ട് ഒരു വിദഗ്ധ സമിതിയെ നിയമിക്കുന്നു, അതിന്റെ പ്രവര്‍ത്തനം സുപ്രീംകോടതി മേല്‍നോട്ടത്തിലായിരിക്കും.

കേന്ദ്ര സര്‍ക്കാരിന് ഇവിടെ നിലപാട് ന്യായീകരിക്കാം. എന്നുവെച്ച് കോടതിയെ എപ്പോഴും നിശബ്‌ദ കാഴ്‌ചക്കാരനായി നിർത്താമെന്ന് കരുതരുതെന്നും സുപ്രീം കോടതി പറഞ്ഞു. വിവരസാങ്കേതിക വിദ്യ ദൈനംദിന കാര്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്ന കാലമാണിത്. അതിനൊപ്പം തന്നെ പ്രധാനമാണ് പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കപ്പെടണം എന്നുള്ളതും. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല സ്വകാര്യതയുള്ളത്, എല്ലാ പൗരന്‍മാര്‍ക്കും സ്വകാര്യതയുണ്ട്, കോടതി ചൂണ്ടിക്കാട്ടി.

സ്വകാര്യതയ്‌ക്കുള്ള അവകാശത്തിന് നിയന്ത്രണങ്ങളുണ്ട്, എന്നാല്‍ ആ നിയന്ത്രണങ്ങള്‍ ഭരണഘടനാപരമായ സൂക്ഷ്‌മപരിശോധനയ്‌ക്ക് വിധേയമാണെന്നും കോടതി ഓര്‍മിപ്പിച്ചു. ഇന്നത്തെ ലോകത്ത് സ്വകാര്യതയ്‌ക്ക് മേലുള്ള നിയന്ത്രണം തീവ്രവാദ പ്രവര്‍ത്തനം തടയുന്നതിനാണ്, ദേശീയ സുരക്ഷ സംരക്ഷിക്കാന്‍ ആവശ്യമുള്ളപ്പോള്‍ മാത്രമേ പൗരൻമാരുടെ മേൽ അത് അടിച്ചേല്‍പ്പിക്കാന്‍ കഴിയൂ; കോടതി പറഞ്ഞു.

വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിൽ അന്വേഷണം നടത്താനാണ് തീരുമാനം. ജസ്‌റ്റിസ് ആര്‍വി രവീന്ദ്രനായിരിക്കും സമിതി അധ്യക്ഷന്‍. സമിതിയില്‍ മൂന്ന് പേരുണ്ടാകും. ഇവരെ സഹായിക്കാന്‍ ഒരു സാങ്കേതിക കമ്മിറ്റിയുമുണ്ടാകും. രാഷ്‌ട്രീയ വിവാദങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഭരണഘടനാതത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് കോടതി ലക്ഷ്യമിടുന്നതെന്നും ബെഞ്ച് വ്യക്‌തമാക്കി.

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളിലാണ് ചീഫ് ജസ്‌റ്റിസ്‌ എൻവി രമണ അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്. ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മാദ്ധ്യമ പ്രവര്‍ത്തകരും രാഷ്‌ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിച്ചെന്ന റിപ്പോര്‍ട് പുറത്തുവന്നതിന് പിന്നാലെയാണ് ഹരജികള്‍ സുപ്രീം കോടതിക്ക് മുന്‍പില്‍ എത്തിയത്. ദേശീയ മാദ്ധ്യമമായ ദി വയർ റിപ്പോർട് ചെയ്‌തത്‌ പ്രകാരം  300ഓളം പ്രതിപക്ഷ നേതാക്കള്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍, കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി, തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി, തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.

Read also: പുതിയ രാഷ്‌ട്രീയ പാർട്ടിയുമായി അമരീന്ദർ സിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE