കന്യാസ്‌ത്രീകൾക്ക് നേരെയുണ്ടായ ആക്രമണം; കേന്ദ്രമന്ത്രി അക്രമികളെ വെള്ളപൂശുന്നു; മുഖ്യമന്ത്രി

By Desk Reporter, Malabar News
pinarayi-vijayan
Ajwa Travels

കാസർഗോഡ്: യുപിയില്‍ കന്യാസ്‌ത്രീകൾ ട്രെയിനില്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ വാദത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കന്യാസ്‌ത്രീകൾ ആക്രമിക്കപ്പെട്ടില്ല എന്ന കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രി കാസർഗോഡ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കന്യാസ്‌ത്രീകളാണ് എന്ന ഒറ്റക്കാരണത്താൽ ആക്രമണം നടന്നു. അതിനെ കേന്ദ്രമന്ത്രി ന്യായീകരിക്കുകയാണെന്നും അക്രമികളെ വെള്ള പൂശുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.

കേന്ദ്ര ഭരണത്തിൽ ന്യൂനപക്ഷങ്ങൾക്ക് രക്ഷയില്ല എന്നതിന്റെ തെളിവാണ് പിയൂഷ് ഗോയലിന്റെ പ്രസ്‌താവന. എന്തിനാണ് മതം മാറ്റത്തിന് ശ്രമിക്കുന്നു എന്ന് പറഞ്ഞു കന്യാസ്‌ത്രീകളെ തടഞ്ഞുവച്ചത്? അക്രമികൾക്ക് വെള്ള പൂശുകയാണോ കേന്ദ്രമന്ത്രി ചെയ്യേണ്ടത്? മതനിരപേക്ഷ ശക്‌തികൾ ഇതിനെ ചെറുക്കും. അതിന് കേരളം മുന്നിലുണ്ടാകുമെന്നും പിണറായി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി (സിഎഎ) കേരളത്തിൽ നടപ്പാക്കില്ലെന്ന തീരുമാനം മുഖ്യമന്ത്രി ആവർത്തിച്ചു. “പൗരത്വ നിയമ ഭേദഗതി കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രിമാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്‌തമാക്കിയിട്ടുണ്ട്. അതൊന്നും കേരളത്തില്‍ നടപ്പാക്കില്ല എന്നു തന്നെയാണ് തീരുമാനം,”- മുഖ്യമന്ത്രി പറഞ്ഞു.

“കോവിഡ് മഹാമാരിയും സാമ്പത്തിക തകര്‍ച്ചയും രാജ്യത്തെ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്കും വറുതിയിലേക്കുമാണ് തള്ളിവിട്ടിരിക്കുകയാണ്. ജനങ്ങളുടെ ദുരിതം പരിഹരിക്കാനും ലഘൂകരിക്കാനുമുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതാണ്. എന്നാല്‍ ഇവിടെ കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറാകുന്നില്ലെന്ന് മാത്രമല്ല, ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് നടപ്പിലാക്കുന്നത്. ജനാധിപത്യവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ ഭരണഘടന തകര്‍ക്കാനുള്ള നീക്കവും ഇതിനൊപ്പം നടക്കുകയാണ്. ബിജെപിക്ക് ഒപ്പം ചേര്‍ന്നു കൊണ്ട് കോണ്‍ഗ്രസ് എല്‍ഡിഎഫിനെ ആക്രമിക്കാനാണ് താല്‍പര്യം പ്രകടിപ്പിക്കുന്നത്,”- മുഖ്യമന്ത്രി ആരോപിച്ചു.

എന്നാൽ ജനം വലിയ പ്രതീക്ഷയിലും ആവേശത്തിലുമാണ്. എൽഡിഎഫിന് അനുകൂലമായ ജനവികാരം എല്ലാ ജില്ലയിലും കാണുന്നു. 5 വർഷം മുൻപ് നേടിയതിലും വലിയ വിജയം എൽഡിഎഫ് നേടും. കുഞ്ഞുങ്ങൾ മുതൽ മുതിർന്ന പൗരൻമാർ വരെ എല്ലാ ജനവിഭാഗങ്ങളിലും വലിയ സ്വീകാര്യതയാണ് എൽഡിഎഫിനുള്ളത്. നേമത്തെ ബിജെപി അക്കൗണ്ട് ഞങ്ങൾ ക്ളോസ് ചെയ്യും. ബിജെപി വോട്ട് വിഹിതം കുറയുമെന്നും മുഖ്യമന്ത്രി ആത്‌മവിശ്വാസം പ്രകടിപ്പിച്ചു.

പ്രകൃതിദുരന്തവും പകർച്ചവ്യാധിയും ഉണ്ടായിരുന്നില്ലെങ്കിൽ നമ്മൾ ഇതിലും കൂടുതൽ മുന്നോട്ട് പോയേനെ. വികസനം ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് ഭയമാണ്. ചില മാദ്ധ്യമങ്ങളും ഇതിന് തയ്യാറാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read:  കമൽ ഹാസന് രാഷ്‌ട്രീയം അറിയില്ല; പ്രകാശ് കാരാട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE