കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിനിടെ പ്രതിഷേധവുമായി പ്രതിപക്ഷം. ഓണസമ്മാന വിവാദത്തിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് അടിയന്തര യോഗത്തിനിടെ ഉണ്ടായ നാടകീയ രംഗങ്ങൾ.
നഗരസഭാ ചെയർ പേഴ്‌സൺ അജിത തങ്കപ്പനെ യോഗം നടക്കുന്ന ഹാളിലേക്ക് കടത്തിവിടാതെ പ്രതിപക്ഷം തടഞ്ഞു. ഇതോടെ യുഡിഎഫ് അംഗങ്ങൾ നഗരസഭാ അധ്യക്ഷയുടെ ചേമ്പറിൽ കയറി. ഇവിടെ വെച്ച് കൗൺസിൽ യോഗം ചേർന്നുവെന്ന് നഗരസഭാ അധ്യക്ഷ അജിത അവകാശപ്പെട്ടു. എന്നാൽ, സെക്രട്ടറി യോഗത്തിൽ പങ്കെടുത്തില്ല. ചട്ടപ്രകാരം സെക്രട്ടറിക്ക് പകരം ചുമതലപ്പെടുത്തിയ ഉദ്യോഗസ്‌ഥൻ യോഗം നിയന്ത്രിച്ചെന്നാണ് നഗരസഭാ അധ്യക്ഷയുടെ അവകാശവാദം.
പോലീസ് സംരക്ഷണത്തിലാണ് അജിത തങ്കപ്പൻ എത്തിയത്. ഓണസമ്മാന വിവാദത്തിൽ പ്രതിപക്ഷം കൗൺസിൽ ഹാളിൽ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. നഗരസഭയുടെ 2021–22 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതി വിലയിരുത്താൻ വിളിച്ചു കൂട്ടിയ അടിയന്തര യോഗത്തിലായിരുന്നു പ്രതിഷേധം.
ഓണസമ്മാന വിവാദത്തിന് ശേഷം ചേരുന്ന ആദ്യ കൗൺസിൽ യോഗമായത് കൊണ്ട് യോഗം വലിയ പ്രതിഷേധങ്ങൾക്ക് വേദിയായി. സംഭവത്തിൽ ചെയർ പേഴ്‌സൺ അജിത തങ്കപ്പന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നത്.
നഗരസഭാ കൗൺസിലർമാർക്ക് ഓണക്കോടിക്ക് ഒപ്പം പതിനായിരം രൂപ നൽകിയെന്ന ആരോപണമാണ് നഗരസഭാ അധ്യക്ഷ അജിത തങ്കപ്പനെതിരെ ഉയർന്നത്. എന്നാൽ, പ്രതിപക്ഷം കെട്ടിച്ചമച്ച സംഭവമാണിതെന്നും കൗൺസിലർമാർ തന്നെ ചതിയിൽ പെടുത്തിയതാണെന്നും അജിത വാദിക്കുന്നു. വിഷയത്തിൽ അന്വേഷണം നടത്തിയ യുഡിഎഫ് കമ്മീഷനും അജിതക്ക് അനുകൂലമായ റിപ്പോർട്ടാണ് സമർപ്പിച്ചത്. തൃക്കാക്കരയിൽ നടന്നത് പാർട്ടിയിലെ ഗ്രൂപ്പുകളിയുടെ ഭാഗമാണെന്നും അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
Also Read: സെപ്റ്റംബർ 1ന് സുപ്രീം കോടതി തുറക്കുന്നു; കോടതി നടപടികൾ ഇനി സാധാരണ രീതിയിൽ