ന്യൂ ഡെൽഹി: ”പൊതു സ്‌ഥലങ്ങൾ അനിശ്‌ചിത കാലത്തേക്ക് കയ്യടക്കിവെക്കാൻ സാധിക്കില്ല. ഭരണകൂടം ഇത്തരത്തിലുള്ള തടസങ്ങൾ നിയന്ത്രിക്കണം. അധികൃതർ ഇതിനെതിരെ തങ്ങളുടേതായ രീതിയിൽ പ്രവർത്തിക്കണം. അല്ലാതെ കോടതിക്ക് പിന്നിൽ മറഞ്ഞിരിക്കേണ്ട ആവശ്യമില്ല”- പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡെൽഹിയിലെ ഷഹീൻ ബാഗിൽ നടന്ന പ്രതിഷേധത്തിനെതിരെ സമർപ്പിച്ച ഹരജി പരിഗണിച്ചു കൊണ്ട് സുപ്രീം കോടതി നടത്തിയ പരാമർശമാണ് ഇത്. ഷഹീൻ ബാഗിലെ സമരക്കാർ മാസങ്ങൾക്ക് മുമ്പ് പിരിഞ്ഞു പോയിട്ടും സുപ്രീം കോടതി ഇതിനെതിരായ ഹരജിയിൽ നടത്തിയ ഉത്തരവിന്റെ പ്രസക്‌തി വർദ്ധിപ്പിക്കുന്നത് അത് പുറപ്പെടുവിച്ച സമയമാണ്.
ഹത്രസിൽ 19കാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെടുകയും ഇരക്കും കുടുംബത്തിനും നീതി നിഷേധിക്കപ്പെടുകയും ചെയ്‌തതിൽ രാജ്യവ്യാപക പ്രതിഷേധം ശക്‌തമാകുന്നതിന് ഇടക്കാണ് പൊതു സ്‌ഥലങ്ങളിലെ സമരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയുള്ള സുപ്രീം കോടതിയുടെ ഉത്തരവ് വരുന്നത് എന്നതാണ് ശ്രദ്ധേയം. സമരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് കൂടാതെ, ഇക്കാര്യത്തിൽ കോടതിയെ ആശ്രയിക്കാതെ അധികൃതർ നടപടിയെടുക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപ് തന്നെ ഹത്രസ് പ്രതിഷേധത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ ഭരണകൂടം നടത്തുന്നുണ്ട്. നേതാക്കളെ വീട്ടു തടങ്കലിൽ ആക്കിയും സമരം നടത്താൻ നിശ്‌ചയിക്കുന്ന സ്‌ഥലത്തു നിരോധനാജ്ഞ പുറപ്പെടുവിച്ചും നിയമത്തിന്റെ മറപറ്റി പോലീസും ഭരണകൂടവും പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന കാഴ്‌ചയാണ് കുറച്ചു ദിവസങ്ങളായി കാണുന്നത്. പ്രതിഷേധക്കാർക്ക് എതിരെ രാജ്യദ്രോഹക്കുറ്റം വരെ ചുമത്തുന്ന സ്‌ഥിതിയിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു.
Also Read: ഹത്രസ് പ്രതിഷേധം; ജിഗ്‌നേഷ് മെവാനിയും ഹര്‍ദിക് പട്ടേലും വീട്ടു തടങ്കലില്‍
ഇത്തരമൊരു പാശ്‌ചാത്തലത്തിൽ രാജ്യത്തെ പരമോന്നത നീതി പീഠവും ഭരണകൂടങ്ങൾക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിക്കുന്നത് കാര്യങ്ങൾ കൂടുതൽ ഗുരുതരമാക്കുകയേ ഉള്ളൂവെന്ന അഭിപ്രായം വിവിധ കോണുകളിൽ നിന്ന് ഉയർന്നു കഴിഞ്ഞു.
പൗരത്വ ഭേദഗതിക്കെതിരായ ഷഹീൻ ബാഗ് സമരവുമായി ബന്ധപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ഇപ്പോൾ സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്. പൊതു സ്‌ഥലങ്ങളിൽ സമരം ചെയ്യാനുള്ള അവകാശത്തിനൊപ്പം തന്നെ സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള അവകാശവും ഉണ്ടെന്നും ഇവ രണ്ടും ഒത്തുപോകേണ്ടത് അനിവാര്യമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ജസ്‌റ്റിസ് എസ്‌കെ കൗൾ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഷഹീൻ ബാഗ് കേസിൽ ആദ്യം സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നത് സമരക്കാരെ ഒഴിപ്പിക്കാനായായിരുന്നു. ശേഷം മാർച്ച് മാസത്തോടെ സമരക്കാരെ ഒഴിപ്പിച്ചിരുന്നു. എന്നാൽ പിന്നീടും ഹരജി സുപ്രീംകോടതിയിൽ തുടർന്നു. ഇപ്പോൾ ഷഹീൻ ബാഗ് പ്രശ്‌നത്തിൽ പ്രസക്‌തി ഇല്ലങ്കിലും പൊതുസ്‌ഥലങ്ങളിൽ ആളുകൾക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്ന വിഷയത്തിന് പ്രസക്‌തി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഹരജി പരിഗണിക്കുകയായിരുന്നു.
Must Read: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്?