തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന് ഒടുവിൽ ആശ്വാസം. സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട നാല് കേസുകളിലും രാഹുലിന് കോടതി ജാമ്യം ലഭിച്ചു. ഇതോടെ എട്ടു ദിവസത്തെ ജയിൽവാസത്തിന് ശേഷം രാഹുൽ ഇന്ന് പുറത്തിറങ്ങും. ഇന്ന് മാത്രം രണ്ടു കേസുകളിലാണ് രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്.
ഡിജിപി ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട കേസ് സിജെഎം കോടതിയും സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസ് ജില്ലാ സെഷൻസ് കോടതിയുമാണ് പരിഗണിച്ചത്. ഉപാധികളോടെയാണ് കോടതികൾ ജാമ്യം അനുവദിച്ചത്. സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ 50,000 രൂപയോ അല്ലെങ്കിൽ തത്തുല്യമായ ആൾജാമ്യമോ നൽകണമെന്ന വ്യവസ്‌ഥയിലാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.
ആറ് ആഴ്‌ചത്തേക്ക് എല്ലാ തിങ്കളാഴ്‌ചയും അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരാകണം. ഡിജിപി ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ 25,000 രൂപയോ തത്തുല്യമായ ആൾ ജാമ്യമോ വേണം. ഒരു മാസത്തേക്ക് എല്ലാ ചൊവ്വാഴ്‌ചയും അന്വേഷണം ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരാകണം.
സെക്രട്ടറിയേറ്റ് മാർച്ച് അക്രമാസക്‌തമായതിനെ തുടർന്ന് കന്റോൺമെന്റ് പോലീസ് രജിസ്‌റ്റർ ചെയ്‌ത രണ്ടു കേസുകളിൽ കോടതി നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കന്റോൺമെന്റ് പോലീസ് ഒരേ സംഭവത്തിൽ എടുത്ത മൂന്ന് കേസിൽ രണ്ടെണ്ണത്തിൽ ആണ് കോടതി ജാമ്യം അനുവദിച്ചത്.
സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിനും പോലീസ് ഉദ്യോഗസ്‌ഥന്റെ കൈയൊടിച്ചതിനും രണ്ട് പോലീസ് വാഹനങ്ങൾ തകർത്തതിനും കേസെടുത്തതോടെയാണ് മൂന്ന് കേസായത്. ഒന്നാമത്തെ കേസിലെ ജാമ്യ ഹരജിയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു പരിഗണിച്ചത്.
ഡിസംബർ 20ന് നടന്ന സെക്രട്ടറിയേറ്റ് മാർച്ച് അക്രമാസക്‌തമായതിനെ തുടർന്ന് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിലായത്. കഴിഞ്ഞ ചൊവ്വാഴ്‌ച പുലർച്ചെയാണ് വീട്ടിൽ നിന്ന് അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് കോടതിയിൽ ഹാജരാക്കി 22 വരെ റിമാൻഡ് ചെയ്യുകയായിരുന്നു. അതേസമയം, ഉടൻ ജാമ്യ ഉപാധികൾ കോടതിയിൽ നൽകി രാഹുലിനെ പുറത്തിറക്കാനാണ് ശ്രമം. ജയിൽ മോചിതനാകുന്ന രാഹുലിനെ സ്വീകരിക്കാൻ വൻ ഒരുക്കങ്ങളാണ് യൂത്ത് കോൺഗ്രസ് നടത്തുന്നത്.
Most Read| വരൻ എത്തിയത് ഒട്ടകപ്പുറത്ത്, കണ്ണൂരിൽ ഗതാഗതക്കുരുക്ക്; കേസെടുത്തു