നീരൊഴുക്ക് ശക്തം; പമ്പ അണക്കെട്ടിന്റെ 6 ഷട്ടറുകൾ തുറന്നു; ജില്ലയിൽ ജാഗ്രതാ നിർദ്ദേശം

By Desk Reporter, Malabar News
Pamba Dam_2020 Aug 10
Representational Image
Ajwa Travels

പത്തനംതിട്ട: ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ ശബരിഗിരി പദ്ധതിയിലെ പമ്പ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. ജലനിരപ്പ് 983.45 മീറ്റർ എത്തിയതോടെ മുൻകരുതലിന്റെ ഭാഗമായി 6 ഷട്ടറുകളാണ് തുറന്നത്. ഇന്നലെ ഉച്ചക്ക് 1.30 ന് ജലനിരപ്പ് ഉയർന്നതിനാൽ ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തുകയായിരുന്നു. ഘട്ടം ഘട്ടമായി തുറന്ന ഷട്ടർ 9 മണിക്കൂർ തുറന്നുവക്കും. ഓരോ ഷട്ടറിൽ നിന്നും സെക്കന്റിൽ 8 ഘനമീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 986.33 മീറ്റർ ആയത് കൊണ്ട് കുറഞ്ഞ അളവിൽ വെള്ളം പുറത്തുവിട്ട് ജലനിരപ്പ് 982 മീറ്ററിൽ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പമ്പ, അച്ചൻകോവിൽ നദീതീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

നിലവിൽ നദീ തീരത്തുള്ള ചില താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഉച്ചക്ക് രണ്ട് ഷട്ടറുകൾ ഉയർത്തിയതോടെ റാന്നി മേഖലയിൽ അധിക ജലം എത്തി. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്നാണ് ജില്ലാ അധികൃതർ അറിയിച്ചത്. രാത്രി പത്ത് മണിയോട് കൂടി മാത്രമേ 6 ഷട്ടറുകളും തുറന്നതിന്റെ ഫലമായുള്ള അധിക ജലം എത്തുകയുള്ളൂ. തുടർന്ന് ജലനിരപ്പിൽ 40 സെന്റിമീറ്റർ വർധന മാത്രമേ ഉണ്ടാകാൻ സാധ്യതയുള്ളൂ. അവശ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള സംവിധാനങ്ങൾ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. 25 വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികൾ, 8 കുട്ടവഞ്ചികൾ എന്നിവ സജ്ജമാണ്. ആറന്മുളയിൽ 6 വള്ളങ്ങളും റാന്നിയിൽ മൂന്നും തിരുവല്ലയിൽ അഞ്ചും അടൂരിൽ രണ്ടും വള്ളങ്ങളാണ് ഏർപ്പാടാക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമാണെങ്കിലും തീരപ്രദേശത്തുള്ളവരും താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ പി ബി നൂഹ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE