തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം വേണമെന്ന നിര്‍ദ്ദേശവുമായി രമേശ് ചെന്നിത്തല രംഗത്ത്. ചിന്തന്‍ ശിബിരിന്റെ ഭാഗമായി ഡെല്‍ഹിയില്‍ ചേരുന്ന ഉപസമിതിയിലാണ് നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ജംബോ കമ്മിറ്റികളെ ഒഴിവാക്കണം.
ഓരോ തലത്തിലും എത്ര ഭാരവാഹികള്‍ വേണമെന്ന് ഭരണഘടനയില്‍ നിശ്‌ചയിക്കണമെന്നും ഡിസിസികള്‍ പുനഃസംഘടിപ്പിക്കണമെന്നും 30 ലക്ഷം ജനസംഖ്യക്ക് ഒരു ഡിസിസി എന്ന നിലയിലേക്ക് മാറ്റണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഡിസിസി അധ്യക്ഷൻമാരെ നിശ്‌ചയിക്കാനുള്ള അധികാരം പിസിസിക്ക് നല്‍കണം. പിസിസി അംഗങ്ങളുടെ എണ്ണം ചെറിയ സംസ്‌ഥാനങ്ങളില്‍ 50, വലിയ സംസ്‌ഥാനങ്ങളില്‍ പരമാവധി 100 എന്ന് നിജപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
എഐസിസി സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണം. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ഭാരത യാത്ര നടത്തണമെന്നും പാര്‍ട്ടി പ്രവര്‍ത്തന ഫണ്ട് കണ്ടെത്താന്‍ എല്ലാ വര്‍ഷവും ഒരു മാസം നീണ്ടു നില്‍ക്കുന്ന ഫണ്ട് ശേഖരണ ക്യാംപയിന്‍ നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Read Also: ഇന്ത്യയുടെ വെസ്‌റ്റ് ഇൻഡീസ് പര്യടനം ജൂലായ് 22 മുതൽ