ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസിൽ വിധി ഇന്ന്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വിജി ശ്രീദേവിയാണ് വിധി പറയുന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 15 പ്രതികളാണ് കേസിൽ വിചാരണ നേരിട്ടത്. 2021 ഡിസംബർ 19നാണ് രഞ്‌ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി അമ്മയുടെയും മകളുടെയും മുന്നിൽ വെച്ച് വെട്ടിക്കൊന്നത്.
സംഭവത്തിൽ ഗൂഢാലോചന നടന്നത് മൂന്ന് ഘട്ടങ്ങളിൽ ആയിട്ടാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു. വയലാർ സ്വദേശിയായ നന്ദു കൃഷ്‌ണയെ കൊലപ്പെടുത്തിയപ്പോൾ തന്നെ പ്രതികാര കൊല നടക്കുമെന്ന് എസ്‌ഡിപിഐക്കാരായ പ്രതികൾ മുൻകൂട്ടി കണ്ടിരുന്നുവെന്നും അങ്ങനെ സംഭവിച്ചാൽ പകരം ഒരാളെ കൊലപ്പെടുത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നു.
മണ്ണഞ്ചേരിയിൽ വെച്ച് നടത്തിയ രണ്ടാമത്തെ ഗൂഢാലോചനയിലാണ് പ്രതികൾ രഞ്ജിത്തിനെ വധിക്കാൻ തീരുമാനിച്ചത്. അന്ന് രാത്രി ആലപ്പുഴ റെയിൽവേ സ്‌റ്റേഷൻ റോഡിൽ പ്രതികൾ ഒത്തുകൂടുകയും ചെയ്‌തു. അർധരാത്രി രഞ്‌ജിത്ത് ശ്രീനിവാസന്റെ വീട്ടിലെത്തിയ സംഘം കൊലയ്‌ക്ക് അനുകൂലമായ സാഹചര്യമില്ലെന്ന് കണ്ടു മടങ്ങി. പിറ്റേ ദിസവം രാവിലെ ആറുമണിക്ക് വീട്ടിലെത്തിയ കൊലയാളികൾ രഞ്ജിത്തിനെ വധിക്കുകയായിരുന്നു.
ആലപ്പുഴയിലെ ബിജെപി അഭിഭാഷകനുമായിരുന്നു രഞ്ജിത്ത് ശ്രീനിവാസൻ. അതിനിടെ, വിചാരണ ആലപ്പുഴ ജില്ലയ്‌ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു പ്രതികൾ സുപ്രീം കോടതിയെ വരെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായിരുന്നില്ല. കൊലപാതകത്തിൽ പ്രതിഷേധിച്ചു പ്രതിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുക്കാൻ ആലപ്പുഴ ബാറിലെ അഭിഭാഷകർ ആരും തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് കേസ് ആലപ്പുഴയ്‌ക്ക് പുറത്തേക്ക് മാറ്റണമെന്ന് പ്രതികൾ ആവശ്യപ്പെട്ടത്.
Most Read| കണ്ണൂർ- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് പാളംതെറ്റി; ആളപായമില്ല