തിരുവനന്തപുരം: ഈ മാസം 25 മുതൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണറുടെ അംഗീകാരം. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർക്കെതിരായ വിമർശനങ്ങൾ സർക്കാർ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. എന്നാൽ, കേന്ദ്ര സർക്കാരിന്റെ കേരള വിരുദ്ധ നിലപാടിനെ രൂക്ഷമായി വിമർശിച്ചതായും വിവരമുണ്ട്.
സർക്കാരിനോട് വിശദീകരണം പോലും ചോദിക്കാതെയാണ് കരടിൽ ഗവർണർ അംഗീകാരം നൽകിയത്. കേന്ദ്രത്തിനെതിരായ വിമർശനം ഗവർണർ വായിക്കുമോ എന്നതിലാണ് ഇനിയുള്ള ആകാംക്ഷ. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ മുൻ വർഷങ്ങളിൽ നിരവധി തവണ വിശദീകരണം ചോദിച്ചും അനുമതി വൈകിപ്പിച്ചും സർക്കാരിനെ ഗവർണർ മുൾമുനയിൽ നിർത്തിയിരുന്നു. ഇത്തവണ പോര് രൂക്ഷമാണെങ്കിലും കരടിന് അനുമതി നൽകിയത് സർക്കാരിന് ആശ്വാസമാണ്.
ജനുവരി 25ന് ആണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. നയപ്രഖ്യാപനത്തിന് ഗവർണറെ രാജ്‌ഭവനിലെത്തി സ്‍പീക്കർ എഎൻ ഷംസീർ ക്ഷണിച്ചിരുന്നു. പ്രസംഗം വായിക്കണമെന്ന ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് ഗവർണർ നേരത്തെ തന്നെ വ്യക്‌തമാക്കിയതാണ്. ജനുവരി 25ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനം മാർച്ച് 27 വരെ നീളും.
Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്