ഭിന്നശേഷി മേഖലയിൽ വിപ്‌ളവ മാറ്റം; ഡിഫറന്റ് ആർട് സെന്റർ ലോകത്തിന് മാതൃക; ആരോഗ്യമന്ത്രി

By News Desk, Malabar News

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സോഷ്യല്‍ സെക്യൂരിറ്റി മിഷനുമായി സഹകരിച്ചുകൊണ്ട് മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികസനത്തിനായി നടപ്പിലാക്കിയ ഡിഫറന്റ് ആര്‍ട് സെന്ററിൽ (ഡി.എ.സി) സര്‍ക്കാര്‍ എജന്‍സികളായ ഐക്കണ്‍സ്, ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ എന്നിവര്‍ നടത്തിയ അസസ്‌മെന്റ് റിപ്പോർട് കെ.ഡിസ്‌ക് ചെയര്‍മാന്‍ കെഎം എബ്രഹാം ആരോഗ്യസാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് കൈമാറി. ചടങ്ങില്‍ മാജിക് അക്കാദമി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഗോപിനാഥ് മുതുകാട്, സിഡിസി ഡയറക്‌ടർ ഡോ ബാബു ജോര്‍ജ്, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സി.ഡയറക്‌ടർ ഡോ.മുഹമ്മദ് അഷീല്‍ എന്നിവര്‍ പങ്കെടുത്തു.

ലോകത്തിന്റെ മുമ്പില്‍ ഒരു മാതൃകയാണ് ഡിഫറന്റ് ആര്‍ട് സെന്ററെന്ന് മന്ത്രി കെകെ. ശൈലജ പറഞ്ഞു. നിരന്തര പരിശ്രമം നടത്തിയാല്‍ ഭിന്നശേഷി കുട്ടികളില്‍ വലിയ മാറ്റം വരുത്തുമെന്നതിന് ഉദാഹരണമാണ് ഈ സെന്റര്‍. ഭിന്നശേഷി മേഖലയില്‍ ലോകത്തിലാദ്യമായി അപൂര്‍വ നേട്ടമാണ് സെന്റര്‍ കൈവരിച്ചിരിക്കുന്നത്. കുട്ടികളുടെ ബൗദ്ധിക മാനസിക ആരോഗ്യ നിലകളില്‍ അൽഭുതകരമായ മാറ്റമാണ് ഉണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്യു, ഐക്യു, സൈക്കോ മോട്ടോര്‍ തലം, സ്വഭാവ വൈകല്യം എന്നിവയിലടക്കം കാര്യമായ മാറ്റങ്ങളുണ്ടാക്കി ജീവിത നൈപുണി മെച്ചപ്പെടുത്തുവാന്‍ ഇവര്‍ക്കായെന്നും ഗ്രോസ് ആന്റ് ഫൈന്‍ മോട്ടോര്‍ സ്‌കില്ലും പരിശീലനത്തിലൂടെ വർധിച്ചതായും ഐക്കണ്‍സ്, സിഡിസി ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ പരിശ്രമിക്കുന്നതാണെന്നും മന്ത്രി വ്യക്‌തമാക്കി.

ഡിഫറന്റ് ആര്‍ട് സെന്റര്‍ എന്ന പദ്ധതി ഭിന്നശേഷി മേഖലയില്‍ വിപ്‌ളവകരമായ മാറ്റമാണ് സൃഷ്‌ടിച്ചിരിക്കുന്നത് എന്നും ലോകത്തിന് മുന്നില്‍ മാതൃകയായി സമര്‍പ്പിക്കുവാനും എവിടെയും നടപ്പിലാക്കുവാനുമുള്ള ഉദാഹരണമായി ഈ സെന്റര്‍ മാറുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.കൂടാതെ സാമൂഹ്യനീതി വകുപ്പിനും മാജിക് അക്കാദമിക്കും ഒരുപോലെ അഭിമാനിക്കാനാവുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു . കലാ അവതരണത്തിലൂടെയുള്ള ഊര്‍ജവും കാണികളുടെ പ്രോൽസാഹനത്തിലൂടെ ലഭിക്കുന്ന ആവേശവും ഇത്തരം കുട്ടികളിലെ സമഗ്രവികസനത്തിന് ഹേതുവാകുന്നുവെന്ന് കണ്ടെത്തുന്നത് ലോകത്തിലിത് ആദ്യമാണ്.

സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും ഓട്ടിസം, സെറിബ്രല്‍ പള്‍സി, വിഷാദരോഗം, ഹൈപ്പര്‍ ആക്റ്റിവിറ്റി, എംആര്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്ന 100 ഭിന്നശേഷിക്കുട്ടികളെ ഉള്‍പ്പെടുത്തി 2019 ഒക്‌ടോബറിലാണ് പദ്ധതിക്ക് തുടക്കമായത്. തുടര്‍ന്ന് വിവിധ സര്‍ക്കാര്‍ എജന്‍സികളായ ഐക്കോണ്‍സ്, ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഈ കുട്ടികള്‍ക്ക് പ്രീ അസസ്‌മെന്റ് നടത്തുകയും ചെയ്‌തിരുന്നു.

ഈ കുട്ടികള്‍ ഇന്ദ്രജാലം, സംഗീതം, നൃത്തം, അഭിനയം, ചിത്രരചന, ഉപകരണ സംഗീതം, സിനിമാ നിര്‍മാണം തുടങ്ങി വിവിധ മേഖകളില്‍ പരിശീലനം നേടുകയും അത് മാജിക് പ്‌ളാനറ്റ് സന്ദര്‍ശനത്തിനെത്തുന്ന കാണികളുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്‌ത്‌ വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി കൊവിഡ് വന്നുചേരുന്നത്. തുടര്‍ന്ന് മാര്‍ച്ച് 10 മുതല്‍ സെന്റര്‍ അടച്ചിട്ടുവെങ്കിലും ഓണ്‍ലൈനായി ഈ കുട്ടികള്‍ക്ക് പരിശീലനം തുടര്‍ന്നുവന്നിരുന്നു. 2021 നവംബര്‍ മുതല്‍ വീണ്ടും സെന്റര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പ്രവര്‍ത്തിച്ചുതുടങ്ങി. അതിന്റെ അടിസ്‌ഥാനത്തില്‍ വീണ്ടും സര്‍ക്കാര്‍ ഏജന്‍സികള്‍ കുട്ടികളുടെ പുരോഗതി വിലയിരുത്തുവാനായി അസസ്‌മെന്റ് നടത്തുകയും ചെയ്‌തു.

കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുക എന്ന ഉദ്ദേശത്തോടെ സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പാക്കിയ അനുയാത്രാ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡേഴ്‌സില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭിന്നശേഷിക്കുട്ടികളെ ഉള്‍പ്പെടുത്തി മാജിക് പ്‌ളാനറ്റില്‍ എം പവര്‍ സെന്റര്‍ എന്ന പേരില്‍ സ്‌ഥിരം ഇന്ദ്രജാല അവതരണ വേദി ആരംഭിച്ചിരുന്നു.

സെന്ററിലെ കുട്ടികളില്‍ കേരള സര്‍ക്കാരിന്റെ ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇന്ദ്രജാല അവതരണത്തിലൂടെ മാനസികവും ശാരീരികവും സാമൂഹ്യവുമായ മാറ്റങ്ങളുണ്ടായെന്ന് ഡോക്‌ടർമാരുടെ പാനല്‍ കണ്ടെത്തുകയും ഇതു സംബന്ധിച്ച് വിശദമായി റിപ്പോര്‍ട്ട് കൈമാറുകയും ചെയ്‌തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് 100 ഭിന്നശേഷിക്കുട്ടികളെ തിരഞ്ഞെടുക്കുവാനും അവര്‍ക്ക് ഇത്തരത്തില്‍ മാറ്റമുണ്ടാക്കുവാനുമായി ഡിഎസി ആരംഭിച്ചത്.

Also Read: അപെക്‌സ് ട്രോമ ആൻഡ് എമര്‍ജന്‍സി ലേണിംഗ് സെന്റര്‍; മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE