മലപ്പുറം: മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയിലെ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാദിഖലി ശിഹാബ് തങ്ങൾ. വ്യക്‌തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തപ്പെടണമെന്നും അതിനെ ന്യായീകരിക്കുന്നില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഫേസ്‌ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോപണമുന്നയിച്ചവരെ വിളിച്ച് തിരുത്താൻ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയിലെ പ്രസംഗത്തിൽ മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി അബ്‌ദു റഹിമാൻ കല്ലായി മന്ത്രി മുഹമ്മദ് റിയാസിനെതിരെയാണ് അധിക്ഷേപ പരാമർശം നടത്തിയത്. റിയാസിന്റേത് വിവാഹമല്ല വ്യഭിചാരമെന്നും ഇത് പറയാൻ തന്റേടം വേണമെന്നുമായിരുന്നു ലീഗ് നേതാവിന്റെ വിവാദ പരാമർശം.
വിവിധ ഭാഗങ്ങളിൽ നിന്ന് രൂക്ഷവിമർശനം ഉയർന്നതോടെ ഖേദം പ്രകടിപ്പിച്ച് അബ്‌ദു റഹിമാൻ കല്ലായി രംഗത്തെത്തിയിരുന്നു. വ്യക്‌തി ജീവിതത്തിലെ മതപരമായ കാഴ്‌ചപ്പാടാണ് സൂചിപ്പിച്ചത്. ആരെയും വ്യക്‌തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാൻ ലക്ഷ്യം വെച്ചതല്ല. അങ്ങനെ സംഭവിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കല്ലായി പറഞ്ഞു.
Also Read: കര്‍ഷക സമരത്തിനിടെ പോലീസ് നടപടിയില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല; കൃഷിമന്ത്രി