തിരുവനന്തപുരം: സൗദിയിൽ ബാങ്കുവിളി കേട്ടില്ലെന്ന പരാമർശം തെറ്റായ വിവരത്തിൽ നിന്ന് സംഭവിച്ചതാണെന്ന് മന്ത്രി സജി ചെറിയാൻ. സൗദി അറേബ്യ സന്ദർശിച്ചപ്പോൾ ബാങ്കുവിളി കേട്ടില്ലെന്നും അദ്ഭുതപ്പെട്ടു പോയെന്നുമുള്ള പ്രസ്‌താവന തനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽ നിന്ന് സഭാവിച്ചതാണെന്നും, പ്രസംഗത്തിലെ ചില ഭാഗങ്ങൾ തന്റെ ഉദ്ദേശ ശുദ്ധിയെ മനസിലാക്കാതെയാണ് ചിലർ പ്രചരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
ഉദ്ദേശശുദ്ധി മനസിലാക്കി എല്ലാവരും തെറ്റിദ്ധാരണ മാറ്റണമെന്നും സജി ചെറിയാൻ സാമൂഹിക മാദ്ധ്യമത്തിലെ കുറിപ്പിലൂടെ അഭ്യർഥിച്ചു. മന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് വിടി ബൽറാം ഉൾപ്പടെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിലെ സൗഹാർദ്ദപരമായ സാമൂഹികാന്തരീക്ഷം കലക്കാനാണ് പ്രധാന പദവികളിലിരിക്കുന്ന സിപിഎം നേതാക്കൾ ആവർത്തിച്ച് ശ്രമിക്കുന്നതെന്ന് വിടി ബൽറാം പ്രതികരിച്ചു.
‘സൗദി അറേബ്യയിൽ ചെന്നപ്പോൾ ഞാൻ വിചാരിച്ചു, ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും അവിടെ താമസിക്കുന്നതെന്ന്. കാരണം, എക്‌സ്ട്രീം ആയിട്ടുള്ള വിശ്വാസികളാണ്. ഞാൻ പോയ ഒരിടത്തും ബാങ്കുവിളി കേട്ടില്ല. കൂടെവന്ന ആളോട് ഇതേക്കുറിച്ചു ചോദിച്ചപ്പോൾ പറഞ്ഞു, പുറത്തു കേട്ടാൽ വിവരമറിയും എന്ന്. അദ്ഭുതപ്പെട്ടുപോയി. അവർക്ക് അവരുടെ വിശ്വാസത്തിന് ബാങ്ക് വിളിക്കാൻ അവകാശമുണ്ട്. പക്ഷേ, പൊതുയിടത്തിൽ ശല്യമാണ്. അത് പാടില്ല. അതാണ് നിയമം. ഏല്ലാവർക്കും അവിടെ പ്രാർഥിക്കാൻ അവകാശമുണ്ട്. എത്ര ജനാധിപത്യപരമായ സാഹചര്യമാണ് അവിടെ. ഈ മാതൃക ലോകത്തെ പഠിപ്പിച്ചത് ഇന്ത്യയാണ്. പക്ഷേ, ഘട്ടംഘട്ടമായി ഈ മാതൃക നഷ്‌ടപ്പെടുന്നോ എന്ന ആശങ്കയാണുള്ളത്’- ഇതായിരുന്നു സജി ചെറിയാന്റെ വാക്കുകൾ.
Most Read| രാഹുൽ ഗാന്ധി തിരികെ എംപി സ്‌ഥാനത്ത്; ലോക്‌സഭാഗത്വം പുനഃസ്‌ഥാപിച്ചു വിജ്‌ഞാപനമിറക്കി