തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ തുറക്കുന്നത് പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അനുകൂല സാഹചര്യങ്ങൾ ഉണ്ടായാൽ സ്‌കൂളുകൾ തുറക്കുമെന്ന് മന്ത്രി അറിയിച്ചു.
സ്‌കൂൾ പാഠ്യപദ്ധതി കാലാനുസൃമായി പുതുക്കും. കരിക്കുലത്തിൽ സ്‍ത്രീധനത്തിന് എതിരായ പാഠഭാഗങ്ങൾ ഉൾപ്പെടുത്തും; മന്ത്രി പറഞ്ഞു. കൂടാതെ പ്ളസ് വൺ ട്രയൽ അലോട്ട്മെന്റ് ഈ മാസം 13ന് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഒക്‌ടോബർ 4ന് കോളേജുകൾ തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചിരുന്നു. അവസാന വർഷ ഡിഗ്രി, പിജി ക്ളാസുകളാണ് തുടങ്ങുക. കോളേജുകളിലേയും സാങ്കേതിക സ്‌ഥാപനങ്ങളിലേയും അവസാന രണ്ട് സെമസ്‌റ്റര്‍ ക്ളാസുകളാണ് ആരംഭിക്കുകയെന്ന് മന്ത്രി അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് ആദ്യ ഡോസ് വാക്‌സിൻ നല്‍കാന്‍ സ്‌ഥാപന തലത്തില്‍ നടപടി സ്വീകരിക്കും. കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കാൻ നിർദ്ദേശം നൽകും. ഷിഫ്റ്റ് അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ളാസുകള്‍ നടത്താനാണ് നീക്കം. പകുതി വീതം വിദ്യാര്‍ഥികള്‍ക്ക് ഇടവിട്ട ദിവസം ക്ളാസ് എന്ന തരത്തില്‍ നടപടി സ്വീകരിക്കും. സമയം സംബന്ധിച്ച കാര്യങ്ങളില്‍ അതത് വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. കഴിഞ്ഞ വര്‍ഷം ക്രമീകരിച്ച അതേ രീതിയില്‍ തന്നെയായിരിക്കും ക്ളാസുകള്‍ ക്രമീകരിക്കുക; മന്ത്രി വ്യക്‌തമാക്കി.
കൂടാതെ മുഴുവന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വാക്‌സിന്‍ ഉറപ്പാക്കുമെന്നും അന്തിമ തീരുമാനത്തിനായി മറ്റന്നാൾ പ്രിൻസിപ്പാൾമാരുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
ടെക്‌നിക്കൽ, പോളി ടെക്‌നിക്, മെഡിക്കൽ വിദ്യാഭ്യാസം ഉൾപ്പടെയുള്ള ബിരുദ- ബിരുദാനന്തര സ്‌ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അറിയിച്ചിരുന്നു. ഒരു ഡോസ് വാക്‌സിനേഷനെങ്കിലും പൂർത്തിയാക്കിയ അധ്യാപകരേയും വിദ്യാർഥികളേയും ഉൾക്കൊള്ളിച്ചു കൊണ്ട് തുറന്നു പ്രവർത്തിക്കാനാണ് അനുവദിക്കുക.
Most Read: ‘കാവിവൽകരണമല്ല’; സിലബസ് വിവാദത്തിൽ പ്രതികരിച്ച് കണ്ണൂർ സർവകലാശാല വിസി