തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ ഇന്ന് മുതൽ മുഴുവൻ സമയപ്രവർത്തനത്തിലേക്ക്. ഒന്ന് മുതൽ പത്ത് വരെയുള്ള ക്‌ളാസുകൾ രാവിലെ മുതൽ വൈകിട്ട് വരെ സാധാരണ ടൈം ടേബിൾ അനുസരിച്ച് പ്രവർത്തിക്കും. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നീണ്ട ഇടവേളക്ക് ശേഷം സ്‌കൂളിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് വിദ്യാർഥികൾ.
22 മാസമായി കോവിഡ് സൃഷ്‌ടിച്ച അനിശ്‌ചിതത്വങ്ങൾക്ക് ശേഷമാണ് സംസ്‌ഥാനത്തെ സ്‌കൂളുകൾ സാധാരണനിലയിലേക്ക് എത്തുന്നത്. ഇനി ഷിഫ്‌റ്റ് ഉൾപ്പടെ നിയന്ത്രണങ്ങളില്ല. രാവിലെ മുതൽ വൈകിട്ട് വരെ മുഴുവൻ വിദ്യാർഥികളും ഒരുമിച്ച് ക്‌ളാസുകളിൽ ഇരിക്കും.
ഒന്ന് മുതൽ ഹയർ സെക്കണ്ടറി വരെയുള്ള 47 ലക്ഷം വിദ്യാർഥികളും രണ്ടുലക്ഷം അധ്യാപകരുമാണ് സ്‌കൂളിലേക്ക് എത്തുന്നത്. കണക്കുക്കൂട്ടിയുള്ള തയാറെടുപ്പുകളാണ് വിദ്യാഭ്യാസവകുപ്പ് വകുപ്പ് നടത്തിയിട്ടുള്ളത്. ശനിയാഴ്‌ചകളിലും ക്‌ളാസ് സംഘടിപ്പിക്കാനാണ് തീരുമാനം. ഓൺലൈൻ പഠനം മടുത്തുതുടങ്ങിയ വിദ്യാർഥികൾ ക്‌ളാസ് മുറികളിൽ മുഴുവൻസമയവും ഇരിക്കാനുള്ള തയാറെടുപ്പിലാണ്.
പ്രീപ്രൈമറി സ്‌കൂളുകൾ തിങ്കൾ മുതൽ വെള്ളി വരെ 50 ശതമാനം കുട്ടികളുമായി അധ്യയനം തുടരും. പ്രീ പ്രൈമറി മുതൽ എട്ടാം ക്‌ളാസ് വരെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥികൾക്കും ഉച്ചഭക്ഷണവും ലഭ്യമാക്കും.
Most Read: ന്യൂസിലാൻഡ് തീരത്ത് പ്രേത സ്രാവ്! കൗതുകവും ഭയവും തോന്നുന്നെന്ന് സോഷ്യൽ മീഡിയ