സംസ്‌ഥാനത്ത് കടലാക്രമണ മുന്നറിയിപ്പ്; വിവിധയിടത്ത് വീടുകളിൽ വെള്ളം കയറി- ആശങ്ക

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷം.

By Trainee Reporter, Malabar News
sea attack
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ രൂക്ഷമായ കടലാക്രമണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് കടലാക്രമണം. ഇതോടെ, സംസ്‌ഥാനത്ത്‌ ശക്‌തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്‌ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലക്കാണ് സാധ്യത. ഇന്ന് തിരുവനന്തപുരം പുത്തൻതോപ്പ്, അടിമലത്തുറ, പൊഴിയൂർ, പൂന്തുറ ഭാഗങ്ങളിൽ കടൽ കയറി. പ്രദേശത്തെ വീടുകളിലും മുറ്റത്തും റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. യാനങ്ങൾക്ക് കേടുപാട് സംഭവിച്ചു.

പല വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ച് ക്യാമ്പുകളിലേക്ക് മാറ്റി. കരയിലേക്ക് ശക്‌തമായ തോതിലാണ് തിരമാല അടിക്കുന്നത്. പരിക്കേറ്റ രണ്ടു മൽസ്യത്തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവളത്ത് കടലിൽ ഇറങ്ങുന്നതിന് വിനോദ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. ആലപ്പുഴയിൽ പുറക്കാട്, വളഞ്ഞവഴി, പള്ളിത്തോട്‌ പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷം.

പുറക്കാടിന് സമീപത്തെ തീരത്ത് രാവിലെ 30 മീറ്ററോളം കടൽ ഉൾവലിഞ്ഞിരുന്നു. തുടർന്ന് പൂർവസ്‌ഥിതിയിൽ ആയെങ്കിലും ഉച്ചക്ക് ശേഷം കടൽഭിത്തി കഴിഞ്ഞും കരയിലേക്ക് കടൽ കയറി. പിന്നാലെയാണ് കടലാക്രമണം ഉണ്ടായത്. മാർച്ച് 19നും ഇവിടെ കടൽ ഉൾവലിഞ്ഞിരുന്നു. എന്നാൽ, അന്ന് കടലാക്രമണം ഉണ്ടായില്ല.

സൂനാമിയോട് സമാനമായ കടലേറ്റമാണ് ഉണ്ടാകുന്നതെന്നാണ് തീരവാസികൾ പറയുന്നത്. പള്ളിത്തോട്‌, റോഡ് മുക്ക്, അന്ധകാരനഴി എന്നിവിടങ്ങളിലെ കടൽക്കെട്ടുകൾ കവിഞ്ഞൊഴുകി തീരദേശ റോഡിലേക്ക് വെള്ളം കുത്തിയൊലിക്കുകയാണ്. കടൽ ഭിത്തിയോട് ചേർന്ന് താമസിക്കുന്ന കുടുംബങ്ങൾ വീടുകൾ ഒഴിഞ്ഞു.

തൃശൂർ പെരിഞ്ഞനത്തുണ്ടായ കടലാക്രമണത്തിൽ മൽസ്യബന്ധന വലകൾ നശിച്ചു. കടൽഭിത്തിയും കടന്നാണ് വെള്ളം വീടുകളിലേക്ക് കയറിയത്. രാവിലെ കമ്പനിക്കടവ് ഭാഗത്ത് കടൽച്ചുഴിയും രൂപപ്പെട്ടതായി മൽസ്യത്തൊഴിലാളികൾ പറയുന്നു. കൊല്ലം മുണ്ടയ്‌ക്കലിൽ കടലാക്രമണത്തെ തുടർന്ന് നിരവധി വീടുകൾ തകർന്നു.

അതേസമയം, കടലാക്രമണത്തിന് കാരണം ‘കള്ളക്കടൽ’ എന്ന പ്രതിഭാസമാണെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ വിശദീകരണം. സമുദ്രോപരിതലത്തിൽ കാലാവസ്‌ഥാ വ്യതിയാനങ്ങളെ തുടർന്നുണ്ടാകുന്ന ശക്‌തമായ തിരമാലകളാണ് കള്ളക്കടൽ പ്രതിഭാസത്തിലുണ്ടാകുന്നത്. അവിചാരിതമായി കടൽ കയറിവന്ന് കരയെ വിഴുങ്ങുന്നതിനാലാണ് ഇതിനെ കള്ളക്കടൽ എന്ന് വിളിക്കുന്നത്. സൂനാമിയുമായി ഇതിന് സാധ്യതയുണ്ട്. എന്നാൽ, സൂനാമിയോളം ഭീകരമല്ല. പക്ഷേ നിസാരമായി കാണാൻ സാധിക്കില്ലെന്നും ദുരന്ത നിവാരണ അതോറിറ്റി വിശദമാക്കുന്നു.

വേലിയേറ്റ സമയമായതിനാൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ തീവ്രത കൂടിയതാണ് ഇപ്പോഴുണ്ടായ കടലാക്രമണത്തിന് കാരണം. രണ്ടുദിവസം കൂടി കടലാക്രമണം പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പുണ്ട്. ഇതിനിടെ, കടലാക്രമണം അനുഭവപ്പെട്ട തീരപ്രദേശങ്ങളിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അവധിക്കാലം ആയതിനാൽ പല ബീച്ചുകളിലും സാധാരണയിൽ കവിഞ്ഞ തിരക്കുണ്ട്. വർക്കല, കോവളം തീരങ്ങളിൽ നിന്ന് സഞ്ചാരികളെ മാറ്റിയിട്ടുണ്ട്.

Most Read| ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം!  

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE