തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹെവി വാഹനങ്ങളിൽ ഡ്രൈവർമാർക്കും ക്യാബിൻ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് ധരിക്കാനുള്ള സമയപരിധി ഒക്‌ടോബർ 30വരെ നീട്ടിയതായി ഗതാഗതമന്ത്രി ആന്റണി രാജു. നവംബർ ഒന്ന് മുതൽ സ്വകാര്യ ബസുകളിലും കെഎസ്ആർടിസി ബസുകളിലും ഇത് നിർബന്ധമാക്കും. സെപ്‌റ്റംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് കർശനമാക്കുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു.
എന്നാൽ, റോഡ് സുരക്ഷ സംബന്ധിച്ച് ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീയതിയിൽ മാറ്റം വരുത്തിയത്. ലോറികളിൽ മുമ്പിലിരിക്കുന്ന രണ്ടു യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം. ബസുകളിൽ ക്യാബിനുണ്ടെങ്കിൽ മുൻവശത്തിരിക്കുന്ന രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിക്കണം. കാബിനില്ലാത്ത ബസാണെങ്കിൽ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കണം. കെഎസ്ആർടിസി ബസുകളിൽ പഴയ രീതിയിലുള്ള സീറ്റുകളാണുള്ളത്. ഇതിലെല്ലാം ബെൽറ്റ് ഘടിപ്പിക്കേണ്ടി വരും.
അതേസമയം, വാഹന ഇൻഷുറൻസിൽ നോൺ-വയലേഷൻ ബോണസ് നൽകുന്ന കാര്യം ഇൻഷുറൻസ് കമ്പനികളുമായി ചർച്ച ചെയ്യാൻ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. സംസ്‌ഥാനത്ത് റോഡ് ക്യാമറകൾ സ്‌ഥാപിച്ചതോടെ റോഡ് അപകടങ്ങളും മരണനിരക്കും ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ഈ നീക്കം. ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്ക് ഇൻഷുറൻസ് പോളിസിയിൽ ഇളവും നിയമലംഘനം നടത്തുന്നവർക്ക് പിഴയും നൽകുന്ന കാര്യം പരിഗണിക്കണമെന്ന് ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെടാനാണ് തീരുമാനം.
Most Read| മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ നാളെ റവന്യൂ വിഭാഗം സർവേ