സെക്രട്ടറിയേറ്റ് തീപിടുത്തം; ഫോറൻസിക് ഉദ്യോഗസ്‌ഥർക്ക്‌ നേരെ ഐജിയുടെ ഭീഷണി; ആരോപണവുമായി ചെന്നിത്തല

By News Desk, Malabar News
secretariat-fire-ig-threatens-forensic-officers-chennithala-with-the-allegation
Ramesh Chennithala
Ajwa Travels

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ വിവാദ തീപിടുത്തത്തിൽ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവവുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് ഒരു ഐജി ഫോറൻസിക് ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തുകയും ശകാരിക്കുകയും ചെയ്‌തെന്ന് ചെന്നിത്തല പറയുന്നു. അടുത്ത ഫോറൻസിക് റിപ്പോർട്ട് നെഗറ്റീവ് ആണെങ്കിൽ കോടതിയിൽ പോകരുതെന്ന് ഐജി നിർദ്ദേശിച്ചതായി ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് തെളിവുകൾ നശിപ്പിക്കുന്നതിന്റെ തെളിവുകളാണ് ഇതെന്ന് ചെന്നിത്തല ആരോപിച്ചു. ഭീഷണിപ്പെടുത്തിയ ഐജിയുടെ പേരുവിവരങ്ങൾ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടിട്ടില്ല.

തെളിവുകൾ നശിപ്പിക്കാൻ മുഖ്യമന്ത്രി ഡിജിപിയേയും ചീഫ് സെക്രട്ടറിയേയുമാണ് ഉപയോഗിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സെക്രട്ടറിയേറ്റിലെ തീപിടുത്തമുണ്ടായത് ഷോട്ട് സർക്യൂട്ട് കാരണമല്ലെന്നാണ് ഫോറൻസിക് റിപ്പോർട്ട്. ഇത് തിരുവനന്തപുരം സിജിഎം കോടതിയിൽ എത്തിച്ചതിന് പിന്നാലെ ഒരു ഐജി ഫോറൻസിക് ഉദ്യോഗസ്‌ഥരോട്‌ ഓഫീസിൽ ഹാജരാകാൻ പറഞ്ഞു. വളരെ അസാധാരണമായ നടപടിയാണ് ഇതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഫോറൻസിക് പരിശോധന നടത്താൻ ആരാണ് നിങ്ങളെ പഠിപ്പിച്ചത് എന്ന് ചോദിച്ച് ഫോറൻസിക് ഉദ്യോഗസ്‌ഥരോട്‌ തട്ടിക്കയറിയ ഐജി അവരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഫോറൻസിക് റിപ്പോർട്ടുമായി ബന്ധപ്പെട്ട ഫയലുകൾ പോലീസ് ആസ്‌ഥാനത്ത് ഐജി വാങ്ങിവെച്ചു. അടുത്ത റിപ്പോർട്ട് അനുകൂലമല്ലെങ്കിൽ കോടതിയിൽ എത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്‌തു- ചെന്നിത്തല വ്യക്‌തമാക്കി.

ഇതുവരെ ഫോറൻസിക് റിപ്പോർട്ടുകളിൽ പോലീസ് ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും ഐജിക്കെതിരെ ശക്‌തമായ നടപടിഎടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫോറൻസിക് ഉദ്യോഗസ്‌ഥരെ വിളിച്ചു വരുത്താനുള്ള അധികാരം ഐജിക്ക് ആരാണ് നൽകിയത് ആരുടെ നിർദ്ദേശപ്രകാരമാണ് അവരെ ഭീഷണിപ്പെടുത്തിയത് എന്നീ കാര്യങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, ഫോറൻസിക്കിൽ ഡിജിപി റാങ്കുള്ള ഉദ്യോഗസ്‌ഥനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന പോലീസ് മേധാവി സർക്കാരിന് കത്തയച്ചിരുന്നു. ഇതും അട്ടിമറിയാണ്. ഫോറൻസിക്കിൽ ഇതുവരെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്‌ഥനെ നിയമിച്ചിട്ടില്ല. നിക്ഷ്‌പക്ഷവും നീതിപൂർവവുമായാണ് ഫോറൻസിക് തെളിവുകൾ ശേഖരിക്കുന്നത്. ശാസ്‌ത്രജ്ഞർക്ക് പകരം പോലീസ് ഫോറൻസിക്കിലേക്ക് എത്തിയാൽ അതിന്റെ സ്വഭാവം തന്നെ നഷ്‌ടപ്പെടും- ചെന്നിത്തല പറഞ്ഞു.

Also Read: അവിശ്വാസ പ്രമേയത്തിൽ വിപ്പ് ലംഘനം; പി.ജെ ജോസഫിനും മോൻസ് ജോസഫിനും നോട്ടീസയച്ച് സ്‌പീക്കർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE