കടുത്ത സാമ്പത്തിക പ്രതിസന്ധി; ശമ്പളവും പെൻഷനും മുടങ്ങി- ചരിത്രത്തിലാദ്യം

ഒന്നാം തീയതി ശമ്പളം ലഭിക്കേണ്ട സർക്കാർ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നിലയിൽ

By Trainee Reporter, Malabar News
pinarayi-vijayan
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ അവസ്‌ഥയിൽ. പ്രതിസന്ധി സംസ്‌ഥാനത്തെ സകല മേഖലയെയും ബാധിച്ചു കഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായി സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങി, പെൻഷൻ അഞ്ചുമാസത്തിലേറെ കുടിശികയുമായി. സപ്ളൈകോയിൽ നിന്നടക്കം അവശ്യ സാധനങ്ങൾ കിട്ടാനുമില്ല.

ഇന്നലെ ട്രഷറിയിൽ ശമ്പളവും പെൻഷനും നൽകാൻ പണമില്ലാതെ വന്നതോടെ ജീവനക്കാരുടെ ട്രഷറി ശമ്പള അക്കൗണ്ടുകൾ സർക്കാർ മരവിപ്പിച്ചു. അക്കൗണ്ടിൽ ശമ്പളം എത്തിയിട്ടുണ്ടെന്ന് കാണിച്ചെങ്കിലും ഈ തുക ബാങ്കിലേക്ക് കൈമാറാനോ പണമായി പിൻവലിക്കാനോ കഴിഞ്ഞില്ല. മുൻപും ട്രഷറി പ്രതിസന്ധിയിലായി ബില്ലുകൾ പാസാക്കുന്നത് നിർത്തിവെച്ചിട്ടുണ്ടെങ്കിലും അതൊന്നും ശമ്പള ദിവസമായിരുന്നില്ല.

അതിനാൽ, ശമ്പളം മുടങ്ങുന്നത് ഒഴിവായിരുന്നു. എന്നാൽ, ആദ്യമായി ഇന്നലെ അത് സംഭവിച്ചു. ആകെയുള്ള അഞ്ചേകാൽ ലക്ഷം സർക്കാർ ജീവനക്കാരിൽ സെക്രട്ടറിയേറ്റ്, റവന്യൂ, പോലീസ്, ട്രഷറി, ജിഎസ്‌ടി തുടങ്ങിയ വകുപ്പുകളിലെ ഒരുലക്ഷം ജീവനക്കാർക്കാണ് ആദ്യ ദിവസം ശമ്പളം നൽകുന്നത്. ആദ്യം ട്രഷറിയിലെ ഇടിഎസ്ബി (എംപ്ളോയീ ട്രഷറി സേവിങ്സ് ബാങ്ക്) അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പണം അവിടെ നിന്ന് ബാങ്കിലേക്ക് പോകുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.

എന്നാൽ, ഇന്നലെ ഇടിഎസ്ബിയിൽ എത്തിയതായി കാണിച്ച പണം ബാങ്കിലേക്ക് പോയില്ല. ജീവനക്കാർ ഇടിഎസ്ബിയിൽ നിന്ന് ഓൺലൈനായി പണം ബാങ്കിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും അക്കൗണ്ട് മരവിപ്പിച്ച നിലയിരുന്നു. അതേസമയം, ശമ്പളം നൽകിയെന്ന് വരുത്താനാണ് സർക്കാർ ഈ വളഞ്ഞ വഴി സ്വീകരിച്ചെന്ന ആക്ഷേപമാണ് ജീവനക്കാർ ഉയർത്തുന്നത്.

അഞ്ചുലക്ഷം പെൻഷൻകാരിൽ ബാങ്ക് വഴി പെൻഷൻ വാങ്ങുന്ന ഒന്നേകാൽ ലക്ഷം പേരുടെ അക്കൗണ്ടിലേക്കും രാവിലെ പണമെത്തിക്കാൻ കഴിഞ്ഞില്ല. വൈകിട്ട് അഞ്ചിനാണ് ഇതിനുള്ള പണം കൈമാറിയത്. ഇവർക്ക് ഇന്ന് പെൻഷൻ കൈപ്പറ്റാം. എന്നാൽ, ട്രഷറിയിൽ നിന്ന് നേരിട്ട് പെൻഷൻ കൈപ്പറ്റുന്നവർക്ക് തടസം നേരിട്ടിട്ടില്ല.

ശമ്പളം ഇന്ന് വിതരണം ചെയ്യാൻ കഴിയുമോ എന്ന ചോദ്യത്തിന് വ്യക്‌തമായ ഉത്തരം നൽകാൻ ധനവകുപ്പിനോ ട്രഷറി അധികൃതർക്കോ കഴിഞ്ഞിട്ടില്ല. സാങ്കേതിക തടസം കാരണമാണ് ശമ്പളം അക്കൗണ്ടിൽ എത്താത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, ആറുമാസത്തെ പെൻഷൻ അടക്കം കുടിശികയായി നിൽക്കെ, സാങ്കേതിക തടസം കാരണമാക്കി സർക്കാർ തടിതപ്പുകയാണെന്നാണ് ഭൂരിഭാഗം ജീവനക്കാരുടെയും ആരോപണം.

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്നാണ് സർക്കാരിന്റെ ആരോപണം. പൊതുകടത്തിന്റെ 60 ശതമാനം കേന്ദ്രത്തിന്റേതാണ്. 26,000 കോടി രൂപ കടമെടുക്കാൻ അടിയന്തിര അനുവാദം വേണം. സംസ്‌ഥാനത്തിന്റെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നുമാണ് കേരളം ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഹരജിയിൽ സുപ്രീം കോടതിയിൽ വാദം തുടരുകയാണ്.

Most Read| ഇതൊക്കെയെന്ത് ചൂട്! ഇതാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE