തിരുവനന്തപുരം: പുനലൂർ താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പ് നൽകിയതിനെ തുടർന്ന് 11 രോഗികൾക്ക് പാർശ്വഫലം ഉണ്ടായ സംഭവത്തിൽ രണ്ടു ജീവനക്കാർക്ക് എതിരെ നടപടി. നഴ്‌സിങ് ഓഫീസറെയും ഗ്രേഡ്-2 അറ്റൻഡറെയുമാണ് സസ്‌പെൻഡ് ചെയ്‌തത്. കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസറുടെ അന്വേഷണത്തെ തുടർന്നാണ് സസ്‌പെൻഷൻ. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദ്ദേശം നൽകിയിരുന്നു.
തുടർന്ന് ആരോഗ്യവകുപ്പ് ഡയറക്‌ടർ നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നും കുത്തിവെപ്പ് എടുത്തതിന് പിന്നാലെ 11 രോഗികൾക്കാണ് ശാരീരിക അസ്വസ്‌ഥത അനുഭവപ്പെട്ടത്. ഇവരിൽ മൂന്ന് കുട്ടികളെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടുപേരെ പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
കുത്തിവെപ്പ് എടുത്തതിന് പിന്നാലെ വിറയലും ശരീരം തളരുന്നതുപോലെയുമാണ് ഇവർക്ക് അനുഭവപ്പെട്ടത്. തുടർന്ന് എല്ലാവരെയും ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. പിന്നാലെ മൂന്ന് കുട്ടികളെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
Most Read| തോഷഖാന അഴിമതിക്കേസ്; പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്‌റ്റിൽ