തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് സിപിഎം കേന്ദ്ര നേതൃത്വം വ്യക്‌തത വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുകയും അഴിമതി നടത്തുകയും മാത്രമാണ് സിൽവർ ലൈൻ പദ്ധതിയുടെ ലക്ഷ്യമെന്ന് വിഡി സതീശൻ പറഞ്ഞു.
മുംബൈ-ഹൈദരാബാദ് അതിവേഗ റെയിൽവേയെ എതിർക്കുന്നവർ കെ റെയിൽ പദ്ധതിയെ പിന്തുണക്കുന്നത് എങ്ങനെയെന്നും വിഡി സതീശൻ ചോദിച്ചു. അഴിമതി, കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഇടത് പ്രത്യയശാസ്‌ത്രത്തിൽ നിന്ന് വ്യതിചലിച്ചു തീവ്ര വലതുപക്ഷ നിലപാടുകളാണ് സർക്കാർ സ്വീകരിക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് രണ്ടുലക്ഷം കോടിയിലധികം ചിലവ് വരുന്ന സിൽവർ ലൈൻ പദ്ധതി താങ്ങാനാകില്ല. പദ്ധതി വഴി പാരിസ്‌ഥിതികമായും സാമൂഹികമായും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. സാധാരണക്കാരന്റെ ആശ്രയമായ പൊതുഗതാഗത സംവിധാനത്തിൽ ചിലവ് കൂടാനും സിൽവർ ലൈൻ പദ്ധതി വഴിയൊരുക്കണമെന്നും വിഡി സതീശൻ ആരോപിച്ചു.
Most Read: വിദ്യാഭ്യാസ നയരൂപീകരണം; കുട്ടികൾക്കും അഭിപ്രായം രേഖപ്പെടുത്താം- മന്ത്രി വി ശിവൻകുട്ടി