ജൻമാഷ്‌ടമി പുരസ്‌കാരം നേടി ഗായകൻ ജി വേണുഗോപാൽ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ബാലഗോകുലത്തിന്റെ ജൻമാഷ്‌ടമി പുരസ്‌കാരം ഗായകന്‍ ജി വേണുഗോപാല്‍. ശ്രീകൃഷ്‌ണ ദര്‍ശനങ്ങളെ മുന്‍നിര്‍ത്തി സാഹിത്യം, കല, വൈജ്‌ഞാനിക രംഗങ്ങളില്‍ മികച്ച സംഭാവന ചെയ്‌തിട്ടുള്ള വ്യക്‌തികളെയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുന്നത്. 50,000 രൂപയും ശില്‍പവും പ്രശസ്‌തി പത്രവും അടങ്ങുന്ന പുരസ്‌കാരം ബാലഗോകുലത്തിന്റെ കീഴിലുള്ള ബാല സംസ്‌കാര കേന്ദ്രമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ശ്രീകുമാരന്‍ തമ്പി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പ്രൊഫ. സിഎന്‍ പുരുഷോത്തമന്‍, എന്‍ ഹരീന്ദ്രന്‍ മാസ്‌റ്റര്‍, എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിർണയിച്ചത്. ശ്രീകൃഷ്‌ണ ജയന്തിയോടനുബന്ധിച്ച് എറണാകുളത്ത് ഓഗസ്‌റ്റ്‌ 12ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

ജി വേണുഗോപാൽ വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള പിന്നണി ഗാനരംഗത്ത് തന്റേതായ വ്യക്‌തിമുദ്ര പതിപ്പിച്ച വ്യക്‌തിയാണ്. മലയാളം കൂടാതെ തമിഴ്, തെലുഗു, ഹിന്ദി, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട്. പറവൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ശാസ്‌ത്രീയ സംഗീതജ്‌ഞരായ രാധാമണി, ശാരദാമണി എന്നിവരുടെ അനിയത്തിയുടെ മകനാണ് വേണുഗോപാൽ.

1987ൽ പുറത്തിറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ ‘പൊന്നിൻ തിങ്കൾ പോറ്റും മാനേ..’ എന്ന ഗാനത്തിലൂടെയാണ് പിന്നണി ഗാനരംഗത്തെത്തുന്നത്. സിനിമാ രംഗത്തെത്തുന്നതിന് മുൻപ് സർവകലാശാല യുവജനോൽസവങ്ങളിൽ ധാരാളം സമ്മാനങ്ങൾ കരസ്‌ഥമാക്കിയിരുന്നു. അഞ്ച് വർഷം തുടർച്ചയായി കേരള സർവകലാശാല കലാപ്രതിഭ ആയിരുന്നു. ജി ദേവരാജൻ, കെ രാഘവൻ എന്നിവരോടൊപ്പം നാടക രംഗത്തും അദ്ദേഹം സാന്നിധ്യം അറിയിച്ചു.

പ്രൊഫഷണൽ നാടകങ്ങളിൽ പാടിയ അദ്ദേഹത്തിന് 2000ത്തിലെ നാടക രംഗത്തെ മികച്ച ഗായകനുള്ള സംസ്‌ഥാന സർക്കാർ പുരസ്‌കാരം ‘സബ്കോ സമ്മതി ദേ ഭഗവാൻ’ എന്ന നാടകത്തിലൂടെ ലഭിച്ചു. കേരള സർക്കാർ നൽകുന്ന മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരം 1990, 1998, 2004 വർഷങ്ങളിൽ വേണുഗോപാൽ നേടിയിട്ടുണ്ട്.

കവിതകൾക്കു സംഗീതം നൽകി ആലപിക്കുന്ന ഒരു പുതിയ രീതിക്ക് തുടക്കം കുറിച്ചു കൊണ്ട് കാവ്യരാഗം എന്ന ആൽബം അദ്ദേഹം പുറത്തിറക്കിയിരുന്നു. പ്രശസ്‌തരായ മലയാളകവികളുടെ മികച്ച കവിതകൾ സംഗീതം നൽകി ആലപിക്കുകയുണ്ടായി. ഒന്നാം രാഗം പാടി (തൂവാനത്തുമ്പികൾ), ചന്ദനമണിവാതിൽ പാതി ചാരി (മരിക്കുന്നില്ല ഞാൻ), ഉണരുമീ ഗാനം (മൂന്നാം പക്കം), കറുകവയൽ കുരുവി (ധ്രുവം) തുടങ്ങിയവയാണ് പ്രധാന ഗാനങ്ങൾ.

26ആമത് ജൻമാഷ്‌ടമി പുരസ്‌കാരമാണ് ഇത്തവണത്തേത്. മാതാ അമൃതാനന്ദമയീ ദേവി, മഹാകവി അക്കിത്തം, സുഗത കുമാരി, യൂസഫലി കേച്ചേരി, കെ ബി ശ്രീദേവി, പി ലീല, മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി, സ്വാമി ചിദാനന്ദപുരി, സ്വാമി പരമേശ്വരാനന്ദ, ആര്‍ട്ടിസ്റ്റ് കെ കെ വാര്യര്‍, തുളസി കോട്ടുങ്കല്‍, അമ്പലപ്പുഴ ഗോപകുമാര്‍, വിഷ്‌ണുനാരായണന്‍ നമ്പൂതിരി, എസ് രമേശന്‍ നായര്‍, ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, പി പരമേശ്വരന്‍, മധുസൂദനന്‍ നായര്‍, കെഎസ് ചിത്ര, കെജി ജയന്‍, പി നാരായണകുറുപ്പ്, സുവര്‍ണ്ണ നാലപ്പാട്, ശ്രീകുമാരന്‍ തമ്പി, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കലാമണ്ഡലം ഗോപി തുടങ്ങിയവര്‍ മുന്‍ വര്‍ഷങ്ങളില്‍ ജൻമാഷ്‌ടമി പുരസ്‌കാരം നേടി

Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE