ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സ്‌ഥാനാർഥി പട്ടികയെ പരിഹസിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ രംഗത്ത്. ‘കേസുകളിൽ ജയിലില്‍ കഴിയുന്നവര്‍ മുതല്‍ ജാമ്യത്തില്‍ കഴിയുന്നവര്‍ വരെ ഉള്ളതാണ് എസ്‌പിയുടെ സ്‌ഥാനാർഥി പട്ടിക’ -മുന്‍ ഐപിഎസ് ഉദ്യോഗസ്‌ഥനായ അസിം അരുണ്‍ ബിജെപിയില്‍ ചേരുന്ന ചടങ്ങില്‍ വെച്ചാണ് താക്കൂറിന്റെ പരിഹാസം.
‘കയിരാന മണ്ഡലത്തിലെ നാഹിദ് ഹസനാണ് എസ്‌പിയുടെ ഒന്നാം സ്‌ഥാനാർഥി. അയാളിപ്പോള്‍ ജയിലിലാണ്. രണ്ടാമത്തെ സ്‌ഥാനാർഥി അബ്‌ദുള്ള അസം ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുകയാണ്. സമാജ്‌വാദിയുടെ സ്‌ഥാനാർഥി പട്ടിക പരിശോധിച്ചാല്‍ ജയിലില്‍ കഴിയുന്നവരില്‍ നിന്ന് തുടങ്ങി ജാമ്യത്തില്‍ കഴിയുന്നവരിലാണ് അവസാനിക്കുന്നത്,’ താക്കൂർ പറഞ്ഞു.
എസ്‌പി സ്‌ഥാനാർഥികളില്‍ ആദ്യമായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച കയിരാന മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ നാഹിദ് ഹസനെ കഴിഞ്ഞ ദിവസം ഗുണ്ടാ നിയമം ചുമത്തി യുപി പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയും പിന്നാലെ 14 ദിവസം ജുഡീഷ്യല്‍ കസ്‌റ്റഡിക്ക് അനുമതിയും നേടുകയും ചെയ്‌തിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അറസ്‌റ്റ് ചെയ്യപ്പെട്ട സമാജ്‌വാദി പാര്‍ട്ടിയുടെ സമുന്നതനായ നേതാവായ അബ്‌ദുള്ള അസം ശനിയാഴ്‌ചയായിരുന്നു പുറത്തിറങ്ങിയത്.
അതേസമയം ബിജെപി വിട്ട മൂന്നാമത് മന്ത്രിയെയും ഒപ്പം ചേർത്ത് ശക്‌തമായ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തുകയാണ് അഖിലേഷ് യാദവ്. ബിജെപിയുടെ പിന്നാക്ക വര്‍ഗക്കാരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് പാർട്ടി വിട്ട യോഗി മന്ത്രി സഭയിലെ പരിസ്‌ഥിതി വനംവകുപ്പ് മന്ത്രിയായ ധാരാസിംഗ് ചൗഹാനെയാണ് അഖിലേഷ് ഇപ്പോൾ കൂടെ കൂട്ടിയിരിക്കുന്നത്. നേരത്തെ ബിജെപിയില്‍ നിന്നും രാജിവെച്ച എംഎല്‍എമാരും മന്ത്രിമാരും എസ്‌പിയില്‍ ചേര്‍ന്നിരുന്നു.
Read also: ഒരുക്കം ശക്‌തം; ബിജെപി വിട്ട മൂന്നാമത് മന്ത്രിയെയും ഒപ്പം ചേർത്ത് അഖിലേഷ്