തിരുവനന്തപുരം: വീടുകൾ കോവിഡ് രോഗവ്യാപനത്തിന്റെ കേന്ദ്രമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം വീടുകളില്‍ നിന്നും രോഗബാധ ഏൽക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി മന്ത്രി അറിയിച്ചു.
35 ശതമാനത്തോളം ആളുകള്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പഠനം കാണിക്കുന്നത്. വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കോവിഡ് വരുന്ന അവസ്‌ഥയാണുള്ളത്. ഹോം ക്വാറന്റെയ്ന്‍ വ്യവസ്‌ഥകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്; ആരോഗ്യമന്ത്രി വ്യക്‌തമാക്കി.
കൂടാതെ വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റൈനില്‍ കഴിയാവൂ എന്നും മന്ത്രി ഓർമിപ്പിച്ചു. വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്ക് ഡിസിസികള്‍ ഇപ്പോഴും ലഭ്യമാണ്. ഹോം ക്വാറന്റെയ്നില്‍ കഴിയുന്നവര്‍ മുറിയില്‍ നിന്നും പുറത്തിറങ്ങരുത്. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. രോഗി ഉപയോഗിച്ച പാത്രങ്ങളോ സാധനങ്ങളോ മറ്റാരും ഉപയോഗിക്കരുത്. ഇടക്കിടെ കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്. ഓരോ വീട്ടിലും കോവിഡ് എത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധ പുലർത്തണം; മന്ത്രി വ്യക്‌തമാക്കി.
കോവിഡിനെ പ്രതിരോധിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:
- ശരിയായി മാസ്‌ക് ധരിക്കുക.
- രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുക.
- സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ഇടക്കിടെ കൈകൾ വൃത്തിയാക്കുക.
- കോവിഡ് കാലത്ത് വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കുക.
- പനി, ജലദോഷം, തൊണ്ടവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തുക.
- രോഗിയുമായി നേരിട്ട് സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി ക്വാറന്റെയ്നിലിരിക്കുക. ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുക. അവരുടെ സഹായം സ്വീകരിക്കുക.
- കടകളില്‍ തിരക്ക് കൂട്ടാതെ ഹോം ഡെലിവറി സിസ്‌റ്റം ഉപയോഗിക്കുക.
- മുതിര്‍ന്ന പൗരൻമാര്‍ റിവേഴ്‌സ് ക്വാറന്റെയ്ൻ പാലിക്കണം.
- വീടുകളില്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക. ഷോപ്പിംഗിനും ഗൃഹസന്ദര്‍ശനത്തിനും അവരെ കൊണ്ടുപോകുന്നത് ഒഴിവാക്കുക.
- ഓഫിസുകളിലും പൊതുയിടങ്ങളിലും മറ്റും പോയി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ മറ്റുള്ളവരുമായി ഇടപഴകുന്നതിന് മുമ്പ് കുളിക്കുക.
- പരിശോധനയ്‌ക്ക് സാമ്പിള്‍ അയച്ചാല്‍ ഫലം ലഭിക്കുന്നതുവരെ ക്വാറന്റെയ്നില്‍ കഴിയുക.
- പരിശോധനയ്‌ക്ക് പോകുമ്പോഴോ മടങ്ങുമ്പോഴോ കടകളോ സ്‌ഥലങ്ങളോ സന്ദര്‍ശിക്കരുത്.
- അനുബന്ധ രോഗമുള്ളവര്‍ സ്വയം സംരക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
- അടച്ചിട്ട സ്‌ഥലങ്ങള്‍ കോവിഡ് വ്യാപനത്തിന് കാരണമാണ്. അതിനാല്‍ തന്നെ സ്‌ഥാപനങ്ങളും ഓഫിസുകളും ജാഗ്രത പാലിക്കണം.
- ഭക്ഷണം കഴിക്കുമ്പോഴും കൈ കഴുകുമ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പടരാന്‍ സാധ്യതയുണ്ട്.
Most Read: പുതിയ വിദേശനിക്ഷേപ നിയമം തിരിച്ചടിയായി; ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് യാഹൂ