വേനൽ കടുക്കുന്നു; ജലജന്യ രോഗങ്ങൾക്ക് എതിരെ ജാഗ്രത വേണം

By Desk Reporter, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: വേനല്‍ ശക്‌തി പ്രാപിച്ചതോടെ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. വേനല്‍ കടുത്തതോടെ സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലും ശുദ്ധജല ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ പ്രത്യേകിച്ച് മഞ്ഞപ്പിത്തം, ടൈഫോയ്‌ഡ്, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയവ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്.

വേനല്‍ക്കാലത്തും തുടര്‍ന്ന് വരുന്ന മഴക്കാലത്തുമാണ് വയറിളക്കരോഗം കൂടുതലായി റിപ്പോർട് ചെയ്യുന്നത്. ശുദ്ധമായ ജലം മാത്രം കുടിക്കുക എന്നതാണ് വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം. അതിനാല്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്‌തമാക്കി.

കടുത്ത വെയിലത്ത് യാത്ര ചെയ്യുന്നവരും സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന വിധത്തില്‍ ജോലി ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. കയ്യില്‍ എപ്പോഴും ഒരു കുപ്പി തിളപ്പിച്ചാറിയ ശുദ്ധജലം കരുതുന്നതായിരിക്കും ഏറ്റവും നല്ലത്. പുറത്ത് കടകളില്‍ നിന്നും പാനീയങ്ങള്‍, പഴച്ചാറുകള്‍, സിപ്അപ് എന്നിവ വാങ്ങി കുടിക്കുന്നവര്‍ അതുണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം. മാത്രമല്ല തണുപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തില്‍ തയാറാക്കിയതാണെന്നും ഉറപ്പാക്കണം.

വഴിയോരങ്ങളിലും കടകളിലും തുറന്നുവച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളും പാനീയങ്ങളും കഴിക്കരുത്. പഴവര്‍ഗങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കുക. മൽസ്യം കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസ് മലിനമായ വെള്ളത്തില്‍ തയാറാക്കിയത് ആണെങ്കില്‍ മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

വ്യക്‌തി ശുചിത്വം ഏറെ പ്രധാനം

കോവിഡ് പ്രതിരോധത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക എന്നതാണ്. അതുപോലെ തന്നെ മഞ്ഞപ്പിത്തം, ടൈഫോയ്‌ഡ്, ഷിഗല്ല, കോളറ, വയറിളക്കരോഗങ്ങള്‍ എന്നിവ തടയുന്നതിന് ആഹാരം കഴിക്കുന്നതിന് മുമ്പും ശേഷവും മലവിസർജ്‌ജനത്തിന് ശേഷവും സോപ്പ് ഉപയോഗിച്ച് നിര്‍ബന്ധമായും കൈകള്‍ കഴുകേണ്ടത് അത്യാവശ്യമാണ്.

കൈകാലുകളിലെ നഖം വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക. കിണറുകളുടെയും മറ്റ് ജലസ്രോതസുകളുടെയും പരിസരം മലിനമാകാതെ സംരക്ഷിക്കണം. മഴക്കാലത്തോട് അനുബന്ധിച്ചും കൃത്യമായ ഇടവേളകളിലും കിണറുകള്‍ ക്‌ളോറിനേറ്റ് ചെയ്യുക. മലമൂത്രവിസർജ്‌ജനം കക്കൂസില്‍ മാത്രം നടത്തുക. വ്യക്‌തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.

പാനീയ ചികിൽസ ഏറെ ഫലപ്രദം

90 ശതമാനം വയറിളക്ക രോഗങ്ങളും വീട്ടില്‍ നല്‍കുന്ന പാനീയ ചികിൽസ കൊണ്ട് ഭേദമാക്കുവാന്‍ കഴിയും. പാനീയ ചികിൽസ കൊണ്ട് നിര്‍ജ്‌ജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും തടയുവാന്‍ സാധിക്കുന്നു. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങവെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ വീട്ടില്‍ തയാറാക്കാവുന്ന പാനീയങ്ങള്‍ നിര്‍ജ്‌ജലീകരണം തടയുവാനായി നല്‍കാം.

ജലാംശ-ലവണാംശ നഷ്‌ടം പരിഹരിക്കുവാന്‍ ഡോക്‌ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ നിര്‍ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒആര്‍എസ് ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛര്‍ദ്ദി ഉണ്ടെങ്കില്‍ അല്‍പാല്‍പമായി ഒആര്‍എസ് ലായനി നല്‍കണം. അതോടൊപ്പം എളുപ്പം ദഹിക്കുന്ന ആഹാരങ്ങളായ കഞ്ഞി, പുഴുങ്ങിയ ഏത്തപ്പഴം എന്നിവയും നല്‍കാവുന്നതാണ്. എന്നാല്‍ നിര്‍ജ്‌ജലീകരണ ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ഉടന്‍ തന്നെ ഡോക്‌ടറുടെ സേവനം തേടേണ്ടതാണ്.

Also Read:  കോവിഡ്; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഡോ. മുഹമ്മദ് അഷീല്‍ പങ്കുവെക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE