രാജ്യത്തെ മികച്ച മാതൃകാ പദ്ധതി; അക്ഷയ കേരളത്തിന് അംഗീകാരം

By News Desk, Malabar News
Malabarnews_kkshailaja
ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ
Ajwa Travels

തിരുവനന്തപുരം: ‘എന്റെ ക്ഷയരോഗ മുക്‌ത കേരളം’ പദ്ധതിയുടെ മൂന്നാം ഘട്ടമായ അക്ഷയ കേരളത്തിന് കേന്ദ്ര അംഗീകാരം. പൊതുജനാരോഗ്യ സംവിധാനങ്ങളിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി അക്ഷയ കേരളത്തെ കേന്ദ്രസർക്കാർ തിരഞ്ഞെടുത്തിരിക്കുകയാണ്. ക്ഷയരോഗ നിയന്ത്രണ പ്രവർത്തനങ്ങളിൽ നടത്തിയ മികവിനും അർഹരായ ആളുകളുടെ വീട്ടുമുറ്റത്ത് സേവനങ്ങൾ എത്തിച്ചുനൽകിയതും പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യവകുപ്പ് സംസ്‌ഥാനത്തെ ഈ പദ്ധതിയെ തിരഞ്ഞെടുത്തത്.

ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയായി മാറിയത് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ്. സംസ്‌ഥാനം നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു.

സുസ്‌ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി 2025ഓടെ ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ സംസ്‌ഥാന സര്‍ക്കാര്‍ ‘എന്റെ ക്ഷയരോഗ മുക്‌ത കേരളം’ പദ്ധതി നടപ്പിലാക്കി വരികയാണ്. ആരോഗ്യവകുപ്പിനൊപ്പം തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളുടെ നേതൃത്വത്തില്‍ ക്ഷയരോഗത്തിന് എതിരെയുള്ള ജനകീയ മുന്നേറ്റമായാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഇതിന്റെ മൂന്നാം ഘട്ടമായാണ് ‘അക്ഷയ കേരളം’ നടപ്പാക്കിയത്.

അക്ഷയ കേരളം-കേരള ടിബി എലിമിനേഷന്‍ മിഷന്‍ കാമ്പയിന്‍ ഒക്‌ടോബര്‍ 2നാണ് ആരംഭിച്ചത്. പദ്ധതി ഉൽഘാടനം ചെയ്യുന്ന ചടങ്ങിൽ ക്ഷയരോഗ നിയന്ത്രണത്തിന് മികച്ച പ്രവർത്തനം നടത്തിയ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളെ അക്ഷയകേരളം പുരസ്‌കാരം നൽകി ആരോഗ്യമന്ത്രി ആദരിക്കുകയും ചെയ്‌തിരുന്നു.

2017ല്‍ ആരംഭിച്ച പദ്ധതിയുടെ ശ്രമഫലമായി 561 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ 5 വയസിനു താഴെയുള്ള കുട്ടികളില്‍ തുടര്‍ച്ചയായ ഒരു വര്‍ഷക്കാലമായി ക്ഷയരോഗമില്ല. കൂടാതെ, ഒരു വർഷക്കാലമായി 709 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ ഒന്നാംനിര മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതര ക്ഷയരോഗവും. 688 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ ഒരാള്‍ പോലും ക്ഷയരോഗ ചികിൽസ ഇടക്ക് വെച്ച് നിര്‍ത്താതെ വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്‌തിരുന്നു എന്നതും മികച്ച നേട്ടം തന്നെയാണ്.

പദ്ധതിയുടെ ഭാഗമായി ക്ഷയരോഗ സാധ്യത കൂടുതലുള്ള 66,1470 പേരെ ഭവന സന്ദർശനത്തിലൂടെ സ്‌ക്രീൻ ചെയ്യുകയും രോഗലക്ഷണമുള്ള 37,685 പേരെ പരിശോധിക്കുകയും 802 കേസുകൾ കണ്ടെത്തുകയും ചെയ്‌തിരുന്നു. ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോവിഡ് മഹാമാരി കടുത്ത വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. രണ്ടിന്റേയും പ്രധാന ലക്ഷണങ്ങള്‍ ചുമയും പനിയും ആയതിനാല്‍ ക്ഷയരോഗം കണ്ടെത്തുന്നതില്‍ കാലതാമസം അനുഭവപ്പെടുന്നുണ്ട്.

ഇത്തരം പ്രതിസന്ധികൾ മറികടന്ന് ക്ഷയരോഗം കണ്ടെത്തിയ എല്ലാവർക്കും ചികിൽസയും പൊതുജനാരോഗ്യ സേവനങ്ങളും സൗജന്യമായി വീട്ടിലെത്തിക്കാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞു. ഇതുകൂടാതെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ അടിസ്‌ഥാനത്തിൽ കേരളം നടത്തിയ ക്ഷയരോഗ പര്യവേഷണവും കേന്ദ്രസർക്കാർ മാതൃകയായി തിരഞ്ഞെടുത്തിരുന്നു.

Also Read: വിവാദനിയമങ്ങൾ പിൻവലിക്കണം; കർഷകർക്കായി പദയാത്ര; സമരമുഖത്ത് ഉമ്മൻ‌ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE