ഇടുക്കി: നെടുങ്കണ്ടം മാവടിയിൽ ഗൃഹനാഥനെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. നായാട്ടു സംഘങ്ങളാണ് കൊലയ്ക്കു പിന്നിലെന്നാണ് പോലീസ് നൽകുന്ന സൂചന. സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിലായി. ചൊവ്വാഴ്‌ച രാത്രി 11.35നാണ് ഇന്ദിര നഗർ പ്ളാക്കൽ സണ്ണിയെ(57) വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മാവടി തകിടിയൽ സജി(50), മുകുളേൽപ്പറമ്പിൽ ബിനു(40), മുനിയറ സ്വദേശി വിനീഷ് (38) എന്നിവരാണ് അറസ്‌റ്റിലായത്. വീട്ടിൽ ഉറങ്ങുകയായിരുന്ന സണ്ണിയുടെ മുഖത്ത് അടുക്കള വാതിൽ തുളച്ചെത്തിയ തിര പതിക്കുകയായിരുന്നു. വീടിന്റെ കതകിൽ വെടിയുണ്ടകൾ തറച്ച പാടുകൾ കണ്ടതാണ് പോലീസിന്റെ സംശയം വർധിച്ചത്. വന്യമൃഗ സംഘങ്ങളാണ് പിന്നിലെന്നായിരുന്നു പോലീസിന്റെ സംശയം. ഇതിന്റെ അടിസ്‌ഥാനത്തിലാണ് അന്വേഷണം നടത്തിയത്.
പോസ്‌റ്റുമോർട്ടത്തിൽ സണ്ണിയുടെ ശരീരത്തിൽ നിന്ന് നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരകളും കണ്ടെത്തിയിരുന്നു. തുടർന്നാണ് പ്രതികളെ കസ്‌റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്‌ത് വരികയാണ്. അന്വേഷണത്തിനായി കട്ടപ്പന ഡിവൈഎസ്‌പി നിഷാദ്‌മോന്റെയും നെടുങ്കണ്ടം സിഐ ജെർലിൻ വി സ്‌കറിയയുടെയും നേതൃത്വത്തിൽ 50 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Most Read| ഭൂപ്രശ്‌ന പരിഹാരം; ഇടുക്കി ജില്ലയിൽ കോൺഗ്രസ് ഹർത്താൽ തുടങ്ങി