ന്യൂഡെൽഹി: മൂന്ന് സംസ്‌ഥാനങ്ങളിലെയും മിന്നും വിജയം ആഘോഷമാക്കാൻ ബിജെപി. വൈകിട്ട് ആറരയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഡെൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യും. വിജയാഘോഷത്തിൽ മുതിർന്ന നേതാക്കളും പങ്കെടുക്കും. പാർട്ടി ആസ്‌ഥാനങ്ങളിൽ വലിയ ആഹ്ളാദ പ്രകടനവും ലഡുവിതരണവും തുടരുകയാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിളങ്ങും ജയമാണ് ബിജെപി സ്വന്തമാക്കിയത്. മധ്യപ്രദേശിലും രാജസ്‌ഥാനിലും ഛത്തീസ്‌ഗഡിലും മികച്ച ഭൂരിപക്ഷത്തോടെ ബിജെപി അധികാരമുറപ്പിച്ചു. തെലങ്കാനയിൽ ബിആർഎസിനെ വീഴ്‌ത്തി ജയം നേടാനായത് മാത്രമാണ് കോൺഗ്രസിന് ആശ്വാസമായത്.
ഭരണത്തുടർച്ച പ്രതീക്ഷിച്ചു ആത്‌മവിശ്വാസത്തോടെ മൽസരിക്കാനിറങ്ങിയ ഛത്തീസ്‌ഗഡിലെ തോൽവി കോൺഗ്രസിന് അപ്രതീക്ഷിതമായി. തമ്മിലടിയും സംഘടനാ ദൗർബല്യങ്ങളും ഉലച്ച കോൺഗ്രസിന് മധ്യപ്രദേശിലും രാജസ്‌ഥാനിലും ലക്ഷ്യം കണ്ട സീറ്റുകളുടെ അടുത്തൊന്നും എത്താനായില്ല. ജാതി കാർഡും കോൺഗ്രസിനെ തുണച്ചില്ല. പിന്നാക്ക ഗോത്രവർഗ മേഖലകൾ പാർട്ടിയെ കൈവിട്ടു.
എവിടെയും മുഖ്യമന്ത്രി സ്‌ഥാനാർഥികളെ മുൻകൂട്ടി പ്രഖ്യാപിക്കാതെ മോദി പ്രഭാവം പ്രചാരണായുധമാക്കിയ ബിജെപി തന്ത്രം ലക്ഷ്യം കണ്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് കഷ്‌ടിച്ചു അഞ്ചു മാസം മാത്രം ബാക്കിനിൽക്കെ ഹിന്ദി ഹൃദയഭൂമിയിലുണ്ടായ തിളങ്ങും ജയം ബിജെപിക്ക് കരുത്തായി. മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവചനങ്ങളെയെല്ലാം കാറ്റിൽപ്പറത്തിയ വൻ മുന്നേറ്റമാണ് ബിജെപി കാഴ്‌ചവെച്ചത്.
വോട്ടെണ്ണൽ മണിക്കൂറുകൾ പിന്നിടിമ്പോൾ തന്നെ 162 മണ്ഡലങ്ങളിൽ ബിജെപി മുന്നേറ്റം നടത്തുകയാണ്. കോൺഗ്രസ് 65 സീറ്റുകളിലേക്ക് ചുരുങ്ങിയെന്നത് മധ്യപ്രദേശിൽ ഭരണവിരുദ്ധ വികാരമില്ലെന്നത് അടിവരയിട്ട് പറയുന്നു. രണ്ടു സീറ്റിൽ ബിഎസ്‌പിയും ഒരിടത്ത് ഗോണ്ട്വാന ഗണതന്ത്ര പാർട്ടിയും മുന്നേറുകയാണ്. ഛത്തീസ്‌ഗഡിൽ ബിജെപിയുടെ മധുരപ്രതികാരമാണ് ഉണ്ടായത്. ഏറെ ആകാംക്ഷകൾ നിറച്ചു 90 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി 55 സീറ്റുകളിൽ ലീഡ് ചെയ്‌ത് ഭരണമുറപ്പിച്ചു.
ഭരണത്തുടർച്ച ലക്ഷ്യമിട്ടിറങ്ങിയ കോൺഗ്രസിന് 32 സീറ്റുകളിലെ ലീഡ് നേടാനായുള്ളൂ. ബിഎസ്‌പി സഖ്യം ഒരു സീറ്റും മറ്റുള്ളവർ രണ്ടു സീറ്റും നേടി. രാജസ്‌ഥാനിൽ അശോക് ഗെലോട്ട് നയിച്ച കോൺഗ്രസ് സർക്കാരിന് കനത്ത തിരിച്ചടി നൽകി ബിജെപി അധികാരം പിടിച്ചെടുത്തു. സംസ്‌ഥാനത്ത് കോൺഗ്രസ് അനുകൂല അടിയൊഴുക്കുകൾ ശക്‌തമാണെന്നും ഭരണവിരുദ്ധ വികാരമില്ലെന്നുമുള്ള ഗെലോട്ടിന്റെ വാദം വെറുതെയായി.
അതേസമയം, തെലങ്കാനയിൽ ബിആർഎസിന്റെ മോഹങ്ങൾ തല്ലിക്കെടുത്തി കോൺഗ്രസ് തേരോട്ടം നടത്തി. 119 അംഗ നിയമസഭയിൽ 62 സീറ്റിൽ മുന്നിലെത്തിയാണ് കോൺഗ്രസിന്റെ വിജയക്കുതിപ്പ്. 2018ലെ തിരഞ്ഞെടുപ്പിൽ 88 സീറ്റിന്റെ വൻഭൂരിപക്ഷം ഉണ്ടായിരുന്ന ബിആർഎസ് ഇത്തവണ 40 എണ്ണത്തിൽ ഒതുങ്ങി. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം നാല് സീറ്റിലും ബിജെപി പത്ത് സീറ്റിലും മുന്നിട്ട് നിൽക്കുന്നു.
Most Read| മിഷോങ് ചുഴലിക്കാറ്റ്; 118 ട്രെയിൻ സർവീസുകൾ റദ്ദാക്കി- കേരളത്തിൽ നിന്നുള്ള 35 എണ്ണവും