ന്യൂഡെല്‍ഹി: കര്‍ഷക സമരത്തിന് അന്താരാഷ്‌ട്ര തലത്തിൽ ലഭിക്കുന്ന പിന്തുണക്കെതിരെ രംഗത്തുവന്ന ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് അധീർ രഞ്‌ജന്‍ ചൗധരി. ട്രംപിന് വേണ്ടി നരേന്ദ്ര മോദി സംസാരിച്ചപ്പോള്‍ എതിർപ്പുകൾ ഉയര്‍ന്നില്ലല്ലോ എന്ന് ചൗധരി ചോദിച്ചു
നമ്മുടെ ദേശീയവാദികളില്‍ ചിലര്‍ അമേരിക്കയില്‍ ചെന്ന് ‘ആബ് കി ബാര്‍, ട്രംപ് കി സര്‍ക്കാര്‍ ‘ എന്നു പറഞ്ഞു, അതിന്റെ അർഥമെന്താണ്? പിന്നെ ഇപ്പോള്‍ റിഹാന്നയും ഗ്രെറ്റ തന്‍ബെര്‍ഗും കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചപ്പോള്‍ നമ്മള്‍ എന്തിനാണ് മുറുമുറുക്കുന്നത് അധീർ രഞ്‌ജന്‍ ചൗധരി ചോദിച്ചു. വിമര്‍ശനത്തെ ഭയപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ ആത്‌മ പരിശോധന നടത്തണമെന്നും ചൗധരി ആവശ്യപ്പെട്ടു.
പോപ്പ് ഗായിക റിഹാന്നയുടെ ട്വീറ്റിലൂടെയാണ് രാജ്യത്തെ കർഷക സമരം അന്താരാഷ്‌ട്ര തലത്തിൽ ചർച്ചയായത്. ഇതിന് പിന്നാലെ ഇന്ത്യയുടെ കാര്യത്തില്‍ പുറമെ നിന്നുള്ള ആളുകള്‍ ഇടപെടേണ്ടതില്ലെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാറും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെ ഒരു സംഘം ആളുകളും രംഗത്തുവന്നിരുന്നു.
‘ഇന്ത്യ ടുഗെതര്‍, ഇന്ത്യ എഗെയ്ന്‍സ്‌റ്റ് പ്രൊപഗാണ്ട’ എന്നീ ഹാഷ് ടാഗുകളും പ്രതികരണങ്ങൾക്ക് നൽകിയിരുന്നു. ‘ഇന്ത്യയുടെ പരമാധികാരത്തില്‍ ഒരു വിട്ടുവീഴ്‌ചയും ഉണ്ടാവില്ല. പുറത്തു നിന്നുള്ളവര്‍ കാഴ്‌ചക്കാര്‍ മാത്രമാണ്. രാജ്യത്തിന്റെ ഭാഗമല്ല. ഇന്ത്യ എന്താണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങളെടുക്കുന്നതാണ് തീരുമാനം. ഒരു രാജ്യമെന്ന നിലയില്‍ ഒന്നിച്ചുനില്‍ക്കണം,’ എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.
Read also: കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാർ; രാജ്യസഭയിൽ കേന്ദ്ര കൃഷിമന്ത്രി