ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വ്യാഴാഴ്‌ചത്തേക്ക് മാറ്റി. കേരളവും തമിഴ്‌നാടും സംയുക്‌തമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹരജികള്‍ പരിഗണിക്കുന്നത് മാറ്റിയത്. വിഷയവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ തങ്ങള്‍ക്ക് അറിയാമെന്ന് ജസ്‌റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.
അണക്കെട്ടുമായി ബന്ധപ്പെട്ട മേല്‍നോട്ട സമിതി ശക്‌തിപ്പെടുത്തുന്നതിനുള്ള ശുപാര്‍ശ തയ്യാറാക്കുന്നതിന് സംയുക്‌ത യോഗം ചേര്‍ന്നതായി സംസ്‌ഥാനങ്ങള്‍ കോടതിയെ അറിയിച്ചു. ചില വിഷയങ്ങളില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. കേരളം തമിഴ്‌നാടിനും, തമിഴ്‌നാട് കേരളത്തിനും ശുപാര്‍ശ സംബന്ധിച്ച കുറിപ്പ് കൈമാറിയിട്ടുണ്ട്.
ഈ കുറിപ്പുകള്‍ തങ്ങള്‍ പരിഗണിച്ച് വരുന്നതായി ഇരു സംസ്‌ഥാനങ്ങളുടെയും അഭിഭാഷകർ അറിയിച്ചു. അന്തിമ ശുപാര്‍ശ വ്യാഴാഴ്‌ച കോടതിക്ക് കൈമാറാമെന്നും അഭിഭാഷകര്‍ വ്യക്‌തമാക്കി. തുടര്‍ന്നാണ് ഹരജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മറ്റന്നാളത്തേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം നടന്ന സംയുക്‌ത യോഗത്തില്‍ മേല്‍നോട്ട സമിതിയുടെ നിയന്ത്രണ അധികാരം സംബന്ധിച്ച് അന്തിമ ധാരണയായിരുന്നില്ല.
അണക്കെട്ടിന്റെ നിയന്ത്രണം മേല്‍നോട്ട സമിതിക്ക് കൈമാറാന്‍ കഴിയില്ലെന്ന് തമിഴ്‌നാട് യോഗത്തില്‍ വ്യക്‌തമാക്കി. അതേസമയം റൂള്‍ കെര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഓപ്പറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രുമെന്റേഷന്‍ സ്‌കീം എന്നിവയുള്‍പ്പടെ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും മേല്‍നോട്ട സമിതിക്ക് കൈമാറണമെന്നാണ് കേരളത്തിന്റെ ആവശ്യം.
Read Also: ബിംസ്‌റ്റെക് ഉച്ചകോടി; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കൊളംബോയിൽ