ന്യൂഡെല്‍ഹി: നാഗാലാന്‍ഡിൽ നടന്ന സൈനിക നടപടിയെ ന്യായീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്‌സഭയില്‍ പറഞ്ഞതൊക്കെ നുണയാണെന്ന് ബിജെപി നാഗാലാന്‍ഡ് ഘടകം നേതാവ്. ഡിസംബര്‍ ആറിന് ആഭ്യന്തര മന്ത്രി നടത്തിയ പ്രസ്‌താവന പാര്‍ട്ടിയുടെ സംസ്‌ഥാന ഘടകത്തെ തളര്‍ത്തിയതായി ബിജെപി ഘടകം വിലയിരുത്തി.
പ്രത്യേക സേന വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും സിവിലിയന്‍മാര്‍ നിര്‍ത്താതെ പോയതിനാലാണ് വെടിയുതിര്‍ത്തത് എന്നായിരുന്നു ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്. ഇത് കളവാണെന്നും തങ്ങള്‍ക്ക് നിര്‍ത്താന്‍ സൂചനകള്‍ ഒന്നും തന്നിട്ടുണ്ടായിരുന്നില്ല എന്നുമാണ് സംഘത്തില്‍ ഉണ്ടായിരുന്നവര്‍ വ്യക്‌തമാക്കിയത്. ഞങ്ങള്‍ ഓടിപ്പോകാന്‍ ശ്രമിച്ചില്ല. വാഹനത്തില്‍ തന്നെയായിരുന്നു. എന്നിട്ടും അവര്‍ വെടി ഉതിര്‍ക്കുകയായിരുന്നു എന്നാണ് രക്ഷപ്പെട്ടവരില്‍ ഒരാള്‍ പറഞ്ഞത്.
‘തങ്ങള്‍ ചെക്ക് ഗേറ്റില്‍ നിര്‍ത്തിയില്ലെന്നും ഓടിപ്പോകാന്‍ ശ്രമിക്കുകയാണെന്നും അമിത് ഷായുടെ പ്രസ്‌താവന കള്ളമായിരുന്നു’ എന്ന് ഒരു വോയിസ് കുറിപ്പില്‍ ബിജെപിയുടെ മോണ്‍ ജില്ലാ പ്രസിഡണ്ട് ന്യാവംഗ് കൊന്യാക് വ്യക്‌തമാക്കുന്നു. ‘അവര്‍ പലായനം ചെയ്യാന്‍ ശ്രമിച്ചുവെന്നത് ശരിയല്ല. അതൊരു നുണയാണ്’- എന്നും അദ്ദേഹം പറഞ്ഞു.
‘സംസ്‌ഥാന കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു. മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷനും ഓട്ടിങ്ങില്‍ എത്തിയിരുന്നു. പക്ഷേ, എന്റെ പാര്‍ട്ടിയില്‍ നിന്ന് ആരും ഇതുവരെ വന്നിട്ടില്ല എന്നതില്‍ വളരെ വിഷമമുണ്ട്. നാഗാലാന്‍ഡിലെ ജനങ്ങള്‍ക്കും പുറത്തു നിന്നുള്ളവര്‍ക്കും (കേന്ദ്ര നേതാക്കള്‍) മോണ്‍ ജനതയുടെ വോട്ടുകള്‍ ആവശ്യമില്ലെന്നാണോ ഞാന്‍ മനസിലാക്കേണ്ടത്?’- ന്യാവംഗ് കൊന്യാക് പറഞ്ഞു.
Read also: രക്ഷിതാക്കളെ കടക്കെണിയിൽ പെടുത്തി; ബൈജൂസ് ആപ്പിനെതിരെ ബിബിസി റിപ്പോര്‍ട്