ട്വിറ്റർ എംഡിയുടെ അറസ്‌റ്റ് തടഞ്ഞ നടപടി; യുപി പോലീസ് സുപ്രീം കോടതിയിലേക്ക്

By Desk Reporter, Malabar News
Twitter with a decisive move

ലഖ്‌നൗ: ട്വിറ്റർ എംഡി മനീഷ് മഹേശ്വരിയുടെ അറസ്‌റ്റ് തടഞ്ഞ കര്‍ണാടക ഹൈക്കോടതി നടപടി ചോദ്യം ചെയ്‌ത്‌ യുപി പോലീസ് സുപ്രീം കോടതിയില്‍. ഗാസിയാബാദിൽ മുസ്‌ലിം വയോധികൻ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സാമുദായിക സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ട്വിറ്ററിന് എതിരെ യുപി പോലീസ് കേസ് എടുത്തത്. ആശയ വിനിമയ ഇടനിലക്കാര്‍ എന്ന നിലയില്‍ ട്വിറ്ററിന് ഇന്ത്യയില്‍ ലഭിച്ചിരുന്ന നിയമ പരിരക്ഷ കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞതിന് പിന്നാലെയായിരുന്നു നടപടി.

സംഭവത്തില്‍ മനീഷ് മഹേശ്വരിയെ അറസ്‌റ്റ് ചെയ്യാന്‍ യുപി പോലീസ് നീക്കം നടത്തുന്നതിനിടെ മഹേശ്വരിക്ക് കര്‍ണാടക ഹൈക്കോടതി ഇടക്കാല സംരക്ഷണം അനുവദിക്കുകയായിരുന്നു. മനീഷ് മഹേശ്വരിയോട് ഗാസിയാബാദിൽ എത്താന്‍ യുപി പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ചോദ്യം ചെയ്യലിനായി മനീഷ് മഹേശ്വരി ഗാസിയാബാദിലേക്ക് പോകേണ്ടതില്ലെന്നും ഓണ്‍ലൈനിലൂടെ ഹാജരായാല്‍ മതിയെന്നുമായിരുന്നു കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ്. ജൂണ്‍ 29 വരെ ട്വിറ്റര്‍ എംഡിക്കെതിരെ അറസ്‌റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടാകരുതെന്നും യുപി പോലീസിനോട് കോടതി നിർദ്ദേശിച്ചിരുന്നു.

ഇടക്കാല സംരക്ഷണം നല്‍കുന്നതിനെ എതിര്‍ത്ത യുപി പോലീസ് ഇത് മുന്‍കൂര്‍ ജാമ്യത്തിന് തുല്യമാണെന്ന് വാദിച്ചു. എന്നാല്‍ അന്വേഷണം തടയുന്നില്ലെന്നാണ് കോടതി മറുപടി നല്‍കിയത്. പോലീസ് അന്വേഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് അത് വെര്‍ച്വല്‍ വഴി ചെയ്യാമെന്നും കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ യുപി പോലീസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഗാസിയാബാദിൽ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് ഒരു കൂട്ടം ആളുകൾ തന്നെ ആക്രമിച്ചുവെന്ന് സൂഫി അബ്‌ദുൾ സമദ് എന്ന വയോധികന്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകളും വീഡിയോകളും ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്‌തിരുന്നു.

എന്നാല്‍, ഇതൊരു വര്‍ഗീയ ആക്രമണമല്ലെന്നും ഈ വൃദ്ധന്‍ വിറ്റ തകിടുകളുടെ പേരില്‍ ഹിന്ദുക്കളും മുസ്‌ലീങ്ങളും ഉള്‍പ്പെട്ട സംഘമാണ് ഇയാളെ ആക്രമിച്ചതെന്നുമാണ് യുപി പോലീസിന്റെ വാദം. ഇതു സംബന്ധിച്ച് വിശദീകരണം നല്‍കിയിട്ടും ഈ ട്വീറ്റുകള്‍ നീക്കം ചെയ്യാൻ ട്വിറ്റർ തയ്യാറാകാത്തതിനെ തുടർന്നാണ് കേസെടുത്തതെന്ന് പോലീസ് പറയുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി ചട്ടം പാലിക്കാത്തതിനെ തുടർന്ന് ആശയ വിനിമയ ഇടനിലക്കാര്‍ എന്ന നിലയില്‍ ട്വിറ്ററിന് ഇന്ത്യയില്‍ ലഭിച്ചിരുന്ന നിയമ പരിരക്ഷ നഷ്‌ടമായതിന് ശേഷം രജിസ്‌റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്. നിയമ പരിരക്ഷ നഷ്‌ടമായതോടെ ട്വിറ്ററില്‍ വരുന്ന ട്വീറ്റുകള്‍ക്കെതിരെ കേസെടുത്താൽ ഇതിന്റെ നിയമപരമായ ഉത്തരവാദിത്വം കമ്പനിക്ക് മാത്രമായി. ട്വിറ്ററിന്റെ ഇന്ത്യന്‍ മേധാവികളെ ചോദ്യം ചെയ്യാനും മറ്റു നടപടികള്‍ സ്വീകരിക്കാനും പോലീസിന് സാധിക്കുകയും ചെയ്യും.

Most Read:  സെൻട്രൽ വിസ്‌ത പദ്ധതി; നിർമാണത്തിന് അനുമതി, ഹരജി തള്ളി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE